കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായി ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത് ജനപ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും.സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളേയും മലയാളി ടിവി പ്രേക്ഷകർ സ്വീകരിച്ചത്. പരമ്പരയിൽ ജൂഹി റുസ്തഗി അവതരിപ്പിച്ചിരുന്ന ലച്ചുവിന്റെ കഥാപാത്രം പിന്മാറിയതിന് ശേഷം മുടിയൻ എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധികയായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരമായിരുന്നു നടി അശ്വതി എസ് നായർ. അശ്വതി ഈ പരമ്പരയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പൂജ ജയറാം എന്ന് ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ തന്റെ ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്. അതെല്ലാം നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരം കൊവിഡ് തനിക്ക് നൽകിയ തീരാനഷ്ടങ്ങളെക്കുറിച്ച് പറയുകയാണ്.
ചെറിയ പനിയിൽ തുടങ്ങി ജീവിതം പൊലിയുന്ന പ്രിയപ്പെട്ടവരുടെ വാർത്ത ഉള്ളിലെ വിങ്ങലാണ്. അറിയാവുന്ന ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ എനിക്കത് സഹിക്കാൻ പറ്റില്ലെന്നാണ് അശ്വതി പറയുന്നത്. സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും എന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞിടെ അർജുൻ ചേട്ടൻ വിളിച്ചപ്പോൾ ചേട്ടത്തിക്ക് കൊവിഡ് ആണെന്ന് പറഞ്ഞ് വിഷമിച്ചിരുന്നു.
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. പിന്നീട് ചേട്ടൻ വിളിക്കുന്നത് ചേട്ടത്തിയമ്മയുടെ മരണവാർത്ത പറയാനായിരുന്നു. ഞാൻ ഷോക്ക് ആയി പോയി. അതുപോലെ എന്റെ സുഹൃത്തുക്കൾക്കും കൊവിഡ് പിടിപെട്ടിരുന്നു. അവരുടെ അവസ്ഥയും പരിതാപകരമായിരുന്നു. ഇപ്പോൾ ഞാനും പേടിച്ചാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തെ കുറിച്ചും ഭയമുണ്ട്. രോഗം വരാതെ നോക്കണം. അത് കൊണ്ട് വീട്ടിൽ തന്നെ കഴിയുകയാണ് എന്നും താരം പറയുന്നു.