മറിമായം എന്ന ടെലിവിഷൻ പരമ്പര മലയാളികൾക്ക് ഏറെ പ്രിയമുള്ളതാണ്. ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹിക പ്രശ്നങ്ങൾ പറയുന്ന പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. ഈ പരമ്പരയിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിപ്പെട്ടവർ നിരവധിയാണ്. ഇപ്പോഴിതാ ഇതേ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് ഉണ്ണിരാജ് എന്ന അഭിനേതാവിനെ കൂടെ ലഭിച്ചിരിക്കുന്നു. അടുത്തിടെ പുറത്തിറങ്ങി പ്രേക്ഷക പ്രശംസ നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവയിലെ അഖിലേഷേട്ടനായി തിളങ്ങിയ താരമാണ് ഉണ്ണിരാജ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന സിനിമയിലെ ചെറിയ ചില രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് ഉണ്ണിയുടെ സിനിമാ അരങ്ങേറ്റം.
പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കവി രാജേഷ് അമ്പലത്തറ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ ഉണ്ണിരാജ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലും ഉണ്ണിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ താരത്തിന്റെ ഓപ്പറേഷന്‍ ജാവയിലെ ചെറിയൊരു വേഷമാണ് ഇപ്പോള്‍ സംസാര വിഷയം. കലോത്സവത്തിന് കുട്ടികളെ പരിശീലിപ്പിക്കാറുണ്ട് ഉണ്ണി. കലോത്സവത്തിന്റെ തിരക്കില്‍ നില്‍ക്കവേ ആയിരുന്നു ഓപ്പറേഷന്‍ ജാവയിലേക്ക് ക്ഷണം ലഭിക്കുന്നതെന്നും ഉണ്ണി പറയുന്നു.
ചെറിയ വേഷമാണെന്ന മുഖവുരയോടെയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കഥാപാത്രത്തെ പറ്റി പറഞ്ഞത്. കഥാപാത്രത്തിന്റെ വലുപ്പത്തിലല്ലല്ലോ കാര്യമെന്ന് ഉണ്ണി പറയുന്നു. സിനിമ എല്ലാവരും സ്വീകരിച്ചു, ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനങ്ങളറിയിച്ചുവെന്നും സന്തോഷമുണ്ടെന്നും ഉണ്ണി അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഓപ്പറേഷന്‍ ജാവ കണ്ടപ്പോള്‍ മകളുടെ പ്രായമുള്ള കുട്ടിയുടെ കാമുകന്‍ ആയി അഭിനയിച്ചതില്‍ ഒരു വല്ലായ്മ തോന്നി. ആ കുട്ടിയുമായി ഒരുമിച്ച് സീന്‍ ഇല്ലായിരുന്നുവെങ്കില്‍ കൂടി. ആ കുട്ടിയെ ഫോണില്‍ വിളിച്ചിരുന്നു, ആള്‍ക്ക് വലിയ സന്തോഷമായി, ഒരിക്കല്‍ നേരിട്ട് കാണാമെന്ന് പറഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ബിനു പപ്പു ചേട്ടന്‍ അഭിനന്ദിക്കാനായി വിളിച്ചിരുന്നു. അത് വലിയ സന്തോഷമായെന്നും ഇപ്പോള്‍ ട്രോള് മുഴുവന്‍ ഞാന്‍ ആണെന്നും ഉണ്ണി രാജ പറയുന്നു. അഖിലേഷേട്ടന്‍ എന്നാണു ഇപ്പൊ എല്ലാവരും എന്നെ വിളിക്കുന്നതെന്നും ഉണ്ണി പറഞ്ഞു. സിനിമാ നടന്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നും ഉണ്ണിരാജ് പറയുന്നു.