പറവയിലെ മായ ടീച്ചറും മഹേഷിന്റെ പ്രതികാരത്തിലെ സാറയും ജോജിയിലെ ബിൻസിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപത്രങ്ങളാണ്. അതൊക്കെയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാക്കിയത് ഉണ്ണിമായ പ്രസാദ് എന്ന അഭിനേത്രിയും. 5 സുന്ദരികൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് തന്റേതായ സ്ഥാനം താരം മലയാള സിനിമയിൽ നേടിയെടുത്തിരുന്നു. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജിയിലെ ബിന്‍സി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് ഉണ്ണിമായ ഇപ്പോൾ. ആരാധകര്‍ നെഞ്ചിലേറ്റിയ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ഉണ്ണിമായയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഷേക്‌സ്പിയറിന്റെ ദുരന്ത നാടകങ്ങളിലൊന്നായ മാക്ബത്തിന്റെ അഡാപ്‌റ്റേഷനാണ് ജോജി എന്ന രീതിയില്‍ വ്യാഖ്യാനങ്ങള്‍ വന്നിരുന്നു. ബിന്‍സി എന്ന കഥാപാത്രത്തെ ലേഡി മാക്ബത്തിനോടാണ് പലരും ഉപമിച്ചത്. ഇക്കാര്യത്തെപ്പറ്റി തുറന്നുപറയുകയാണ് ഉണ്ണിമായ പ്രസാദ്. പൂര്‍ണ്ണമായി ലേഡി മാക്ബത്താണ് ബിന്‍സിയെന്ന് പറയാന്‍ കഴിയില്ലെന്നും മാക്ബത്തിന്റെ സ്വഭാവ സവിശേഷതകള്‍ ബിന്‍സിയില്‍ കുറച്ചൊക്കെയുണ്ടെന്നും ഉണ്ണിമായ പറയുന്നു.
മാക്ബത്ത് ജോജിയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് സിനിമ സഞ്ചരിക്കുന്നത് വ്യത്യസ്ത വഴിയിലൂടെയാണ്. ബിന്‍സിയെ പോലെ ഒരു കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന ആളെ എനിക്ക് പരിചയമില്ല. ജോജിയില്‍ വിഷം കുത്തിവെയ്ക്കുന്നതില്‍ ബിന്‍സിയുട ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോമോന്റെ മരണം ബിന്‍സി ആഗ്രഹിച്ചിട്ടില്ല. ജോമോന്റെ മരണത്തില്‍ ജോജിയ്ക്ക് പങ്കുണ്ടോ എന്ന് ബിന്‍സിയ്ക്ക് സംശയമുണ്ട്. ഉണ്ടാകരുതേയെന്ന് ബിന്‍സി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുമുണ്ട്. ജോമോന്റെ മരണത്തോടെ ജോജി കൈയ്യീന് പോയി എന്ന് ബിന്‍സിയ്ക്ക് മനസ്സിലാകുന്നു. ജോജിയുടെ അപ്രതീക്ഷിത പെരുമാറ്റത്തോടെ ഇത് ഇവര്‍ തന്നെ ചെയ്തതാണെന്ന് നിസഹായമായി ബിന്‍സി അംഗീകരിക്കുന്നു. പലതലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രം. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്,എന്നും ഉണ്ണിമായ പറയുന്നു.