ഉണ്ണി മുകുന്ദൻ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയിൽ മാത്രമല്ല തെലുങ്കു, തമിഴ് ചലച്ചിത്ര മേഖലകളിലും ഉണ്ണി മുകുന്ദൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമയിലൂടെയാണ് താരം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. തനിക്ക് വളരെയധികം ആത്മബന്ധം ഉള്ള ഒരു ക്ഷേത്രത്തെ കുറിച്ചാണ് നടൻ ഉണ്ണി മുകുന്ദൻ പറയുന്നത്.
താരത്തിന്റെ വാക്കുകളിങ്ങനെ, “ചില നിയോഗങ്ങൾ അങ്ങനെ ആണ് നമ്മളെ തേടി എത്തും… ഗുജറാത്തിൽ നിന്ന് സിനിമ മോഹവുമായി കേരളത്തിൽ എത്തിയ കാലം മുതൽ തുടങ്ങിയതാണ് ഞാനും ഈ ഫോട്ടോയിൽ കാണുന്ന അകമല ധർമ്മ ശാസ്താ ക്ഷേത്രവും തമ്മിലുള്ള ബന്ധം, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഞാനും അയ്യനും തമ്മിലുള്ള ബന്ധം. ഞാൻ ആദ്യം വരുമ്പോൾ ഒരു പ്രതിഷ്ഠ മാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്. കാലക്രമേണ ഇത് വലിയ ക്ഷേത്രമായി മാറി. എന്റെ അയ്യനോടൊപ്പം ഞാനും വളർന്നു. എന്റെ യാത്ര അതുവഴി ബസിൽ നിന്നും പിന്നീട് ബൈക്കിലും കാറിലും ഒക്കെ ആയി മാറി. അത്യാവശ്യം അറിയപ്പെടുന്ന നടനും നിർമ്മാതാവുമൊക്കെയായി ഇന്നും യാത്ര തുടരുന്നു.
ഇന്ന് ഈ ഓർമ്മകൾ എന്റെ മനസിലേക്കു വരാൻ കാര്യം എന്നെ തേടി മറ്റൊരു ഭാഗ്യം കൂടി എത്തിയിരിക്കുന്നു എന്നതാണ്. എന്റെ പുതിയ സിനിമയുടെ പൂജ എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ച് 12 ആം തീയതി നടക്കുകയാണ്. എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ രണ്ടു ചിത്രങ്ങൾ ആയ മല്ലുസിംഗ് നിർമിച്ച ആന്റോ ചേട്ടനും മാമാങ്കം സിനിമ നിർമ്മിച്ച വേണു ചേട്ടനും ചേർന്ന് ആണ് നിർമ്മാണം. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്നു. എന്നെ തേടി എത്തിയ ആ നിയോഗം എന്താണ് എന്ന് അറിയണമെങ്കിൽ ചിത്രത്തിന്റെ ടൈറ്റിൽ നിങ്ങൾ അറിയണം അതിനു 12 ആം തീയതി വരെ കാത്തിരിക്കണം. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ’ ഉണ്ണി മുകുന്ദൻ കുറിച്ചു.