BY AISWARYA
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്.കൂടാതെ, യുന്‍ റിപ്പോര്‍ട്ട് പ്രകാരം അണക്കെട്ടിന്റെ കാലാവധി അതിക്രമിച്ചിരിക്കുന്നുവെന്നും ബലക്ഷയം ഉള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.ഇതോടെ നിലനില്‍ക്കുന്ന ആശങ്കയെക്കുറിച്ചു പറയുകയാണ് പലരും. സോഷ്യല്‍ മീഡിയയില്‍ #savekerala, #decommissionmullaperiyardam എന്നീ ഹാഷ്ടാഗുകളും വൈറലാണ്.സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ ക്യാംപെയ്ന്‍ ഏറ്റെടുത്ത് രംഗത്ത് വന്നു കഴിഞ്ഞു. പൃഥ്വിരാജ്, ഹരീഷ് പേരടി, ആന്റണി വര്‍ഗീസ് അടക്കമുളളവരാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദനും വിഷയത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ്.ഫെയ്സ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.
‘ആശങ്കകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ക്കൊപ്പം അണിചേരുക.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികാരികള്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നു’.
പൃഥ്വിരാജ് ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്.120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു.