ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ, ബ്രൂസ് ലീ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഉണ്ണിയുടേതായി പുറത്തുവരാനുള്ളത്.
വലിയൊരു കാലഘട്ടത്തിന്റെ ചരിത്രം പറഞ്ഞ മാമാങ്കം എന്ന സിനിമയിൽ അഭിനയിച്ച അവസരത്തിൽ തനിക്ക് ചിലപ്പോഴൊക്കെ ക്ഷമ നശിച്ചിട്ടുണ്ടെന്നും പക്ഷേ മമ്മൂട്ടി എന്ന നടൻ്റെ ഡെഡിക്കേഷൻ തന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയെന്നും തൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമയിലെ അനുഭവം ഓർത്തെടുത്തു കൊണ്ട് ഉണ്ണി മുകുന്ദൻ പറയുകയാണ്.
മാമാങ്കം സിനിമയിൽ എനിക്ക് തുടർച്ചയായി 55-60 ദിവസങ്ങൾ വിശ്രമമില്ലാത്ത ഷൂട്ട് ഉണ്ടായിരുന്നു. നൈറ്റ്സ് ഷൂട്ടായിരുന്നു ഏറെയും. രാത്രി പത്ത് മണിക്കൊക്കെ തുടങ്ങി പുലർച്ചെ അഞ്ച് വരെയൊക്കെ ഷെഡ്യൂൾ ഇട്ടിട്ടുണ്ടായിരുന്നു. എനിക്കാണേൽ വീട്ടിൽ പോകാനുള്ള വെപ്രാളവും, ആകെയുള്ള ഒരു പ്രതീക്ഷ മമ്മുക്കയായിരുന്നു. ‘എന്താ ഇത് മതിയാക്ക് ഉറക്കം കഴിഞ്ഞു മതി എന്തും’ എന്നൊക്കെ മമ്മുക്ക പറഞ്ഞാൽ നമുക്കും അത് ഒരു ആശ്വാസമാ. പക്ഷേ എവിടുന്ന് അതൊന്നും ഉണ്ടായില്ല. മമ്മുക്ക തൻ്റെ ജോലിയോട് കാണിക്കുന്ന ഒരു ഡെഡിക്കേഷനുണ്ട്. അത് ശരിക്കും എന്നെ ഞെട്ടിച്ചതാണ്. ‘മാമാങ്കം’ ചിത്രീകരിക്കുന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു. ഫൈറ്റ് സീനൊക്കെ ഇപ്പോൾ എടുത്താൽ വഴുക്കും എന്നൊക്കെ ഞാൻ വെറുതെ ഇട്ട് നോക്കി. മമ്മുക്ക കുലുങ്ങുന്നില്ല. അത് നമുക്ക് സൂപ്പർ ആയി ചെയ്യാടാ എന്ന് പറയുന്ന മാമാങ്കം സെറ്റിലെ മമ്മുക്ക എനിക്ക് വല്ലാത്ത അത്ഭുതമായിരുന്നു എന്നാണ് ഉണ്ണി പറയുന്നത്.