മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മല്ലൂ സിങ് വിക്രമാദിത്യൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായി മാറി. നടൻ എന്നതിൽ ഉപരി ഇന്ന് ഒരു നിർമ്മാതാവും കൂടിയാണ് താരം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ ഹൗസും ഇന്ന് താരത്തിന് ഉണ്ട്. ഇപ്പോഴിതാ നടൻ എന്ന രീതിയിലുള്ള തന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണ് ഉണ്ണി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെ, നടനെന്ന രീതിയിൽ ആഗ്രഹങ്ങൾ മുഴുവൻ സാധിച്ചിട്ടില്ല. സിനിമയിൽ 10 വർഷം എന്ന് പറയുന്നത് ഒരു വാംഅപ് മാത്രമാണ്. എനിക്ക് തോന്നുന്നു ഇനി അങ്ങോട്ടാണ് നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമകളുടെ സ്റ്റാർട്ടിങ്ങ്. ഈ ഇൻഡസ്ട്രിയിൽ വന്ന് ഒരു പടം ചെയ്തപ്പോൾ തന്നെ ഒരു നടനായി എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. എനിക്കതിന് ഒരു അഞ്ചാറ് വർഷം തന്നെ എടുത്തു. ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വിക്രമാദിത്യൻ എന്ന സിനിമക്ക് ശേഷമാണ്, ആക്ടിങ്ങ് എനിക്ക് പറ്റുന്ന ഒരു കാര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. അഞ്ചോ പത്തോ സിനിമകളിൽ അഭിനയിച്ചു, എന്നതിന്റെ പേരിൽ ആരും ഒരു സിനിമാ നടനാകും എന്ന് എനിക്ക് തോന്നിയിട്ടില്ല.
അതൊരു ആർട്ടാണ്, ക്രാഫ്റ്റാണ്, അതിനെ റെസ്പെക്ട് ചെയ്യണം. നമ്മൾ സാധാരണ ഒരു കമ്പനിയിൽ വർക്ക് ചെയ്യാൻ പോയാലും ഒരു പ്രൊബേഷണറി പിരീഡ് ഉണ്ട്. എനിക്ക് ഇതൊക്കെ പഠിച്ചെടുക്കാനും മനസിലാക്കാനും ഒരു അഞ്ചാറ് വർഷമെടുത്തു. ഇപ്പോൾ കുറച്ചുകൂടി കംഫർട്ടബിൾ ആണ് ഞാൻ. അത് ചിലപ്പോൾ വർക്കിൽ കാണുന്നുണ്ടാകും.
ഗസ്റ്റ് റോൾ ചെയ്യാൻ സൗഹൃദമാണ് കാരണം. ജയറാമേട്ടൻ ഒരു ഗസ്റ്റ് റോൾ ചെയ്യണമെന്ന് വിളിച്ച് പറഞ്ഞാൽ നമ്മൾ ചെയ്യും. എടാ, ഒരു ഗസ്റ്റ് റോളുണ്ട് എന്ന് രാജു പറഞ്ഞാൽ ചെയ്യുന്നു. ഇതൊക്കെ ഫ്രണ്ട്ഷിപ്പിന്റെ ബേസിലാണ്. ഇതൊക്കെ കണ്ടാൽ തന്നെ മനസിലാകുന്ന കാര്യങ്ങളാണ്. പിന്നെ, ഇത് ചെയ്തില്ലെങ്കിൽ എന്റെ കരിയറിന് എന്തെങ്കിലും സംഭവിക്കും എന്ന ഇൻസെക്യൂരിറ്റിയൊന്നും എനിക്കില്ല. ഒരു പേഴ്സൺ എന്ന നിലയിലും ആക്ടർ എന്ന നിലയിലും ഞാൻ കോൺഫിഡന്റാണ്. എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം അവർ വിളിക്കുന്നത്. ഞാൻ കുറച്ചുകൂടി സ്‌ക്രീൻ സ്പേസിൽ വരാനാഗ്രഹിക്കുന്നത് കൊണ്ടാകാം. ഇതിലൊരു സൗഹൃദമുണ്ട്. ഞാൻ എന്റെ സിനിമകളിൽ ഇങ്ങനെ ചെറിയ വേഷങ്ങളിലേക്ക് ആരെയും വിളിക്കാറില്ല, അത് വേറെ കാര്യം. പക്ഷെ, എന്നെ ആരെങ്കിലും വിളിച്ചാൽ ഞാൻ നോ പറയാറില്ല.