കണ്ണൻ താമരക്കുളത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉടുമ്പ്. ശ്രദ്ധ നേടിയ പട്ടാഭിരാമൻ റിലീസിനായി ഒരുങ്ങുന്ന മരട് 357 ന് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. ചിത്രത്തിലേതായി ആദ്യമിറങ്ങിയ കള്ള് പാട്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം അതിനു പിന്നാലെ ആസ്വാദകരിലേക്ക് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഇമ്രാൻ ഖാൻ കൊല്ലമാണ് കാലമേറെയായി എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത് . സാനന്ദ് ജോർജ് ഗ്രേസ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വേണ്ടി വരികൾ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കൽ ആണ്.
മനോഹരമായ പ്രണയരംഗങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കിയുള്ള ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ഉടുമ്പിൽ നടൻ സെന്തിൽ കൃഷ്ണ മുഖ്യ വേഷത്തിലെത്തുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് സെന്തിൽ കൃഷ്ണ ചിത്രത്തിലെത്തുന്നത്. മനുരാജും എയ്ഞ്ചലിന ലെയ്സെന്നുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന ഉടുമ്പിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്സെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ സിനിമയുടെ ലൈൻ പ്രൊഡ്യൂസറാവുന്നു. ക്യാമറമാന്‍ രവിചന്ദ്രനാണ്. വാര്‍ത്താപ്രചരണം സുനിത സുനിലാണ്.