എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത് എന്ന് അമ്മ ചോദിച്ചു! ടോവിനോ മനസ്സ് തുറക്കുന്നു!

യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ.

ഇപ്പോഴിതാ തന്റെ വീട്ടുകാര്‍ സിനിമയെ നോക്കിക്കാണുന്നതും താന്‍ സിനിമയെ നോക്കിക്കാണുന്നതും രണ്ട് രീതിയിലാണെന്ന് തുറന്ന് പറയുകയാണ് ടൊവിനോ. വീട്ടുകാരെ സംബന്ധിച്ച് സിനിമയെന്നത് ഒരു എന്റര്‍ടൈന്‍മെന്റ് മീഡിയം മാത്രമാണെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് സിനിമ എന്നുള്ളത് ജീവിതമാര്‍ഗമാണെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ഇപ്പോഴാണ് അവര്‍ പിന്നെയെങ്കിലും സിനിമയോട് കുറച്ചെങ്കിലും അടുത്തുനില്‍ക്കുന്നത്. എങ്കിലും അവര്‍ കാണുന്ന സിനിമകളും ഞാന്‍ കാണുന്ന സിനിമകളും ചിലപ്പോള്‍ വളരെ വ്യത്യസ്തമായിരിക്കും.

കള എന്ന സിനിമ റിലീസായ ശേഷം എനിക്ക് അടിപൊളി റിവ്യൂസ് കിട്ടിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് എന്റെ അമ്മ പടം കണ്ട ശേഷം എന്നോട് പറഞ്ഞത് എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്, ഞങ്ങള്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു. ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും എനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു. ശരിക്കും പറ്റിയല്ലോ എന്നായിരുന്നു മറുപടി. നീ ചോരയൊക്കെ ഒലിപ്പിച്ച് മുറിവൊക്കെയായിട്ട് ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കിഷ്ടമില്ലെന്നായിരുന്നു അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ ഞാന്‍ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ചു.

അതുപോലെ തന്നെ ഗപ്പി എന്ന സിനിമ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് അപ്പന്റേയും അമ്മയുടേയും നടുക്ക് ഇരുന്നിട്ടാണ്. അതിനകത്ത് കുറേ സ്‌മോക്കിങ് സീനുകള്‍ ഉണ്ട്. അപ്പോള്‍ അമ്മ എന്നോട് പതുക്കെ ചോദിച്ചു, മോനെ എന്തോരം സിഗരറ്റാണെടാ നീ വലിക്കുന്നത് എന്ന്. സിനിമയ്ക്ക് വേണ്ടിയിട്ടല്ലേ എന്ന് ഞാനും. അപ്പോള്‍ അപ്പന്‍ സൈഡില്‍ നിന്ന് അപ്പന്റെ കമന്റ്. ഒന്നുകില്‍ നീ നന്നായിട്ട് സിഗരറ്റ് വലിക്കുന്ന ആളാണ്, അല്ലെങ്കില്‍ നീ നല്ല നടനാണ് എന്നായിരുന്നു. ഇത് കേട്ടതോടെ അപ്പാ ഞാന്‍ നല്ല നടനാണ് എന്ന് ചാടിക്കേറി പറയുകയായിരുന്നു എന്നും ടൊവിനോ പറഞ്ഞു.

Related posts