ടൈഗർ 3, സൽമാൻ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ്. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ മുംബൈയിലെ സെറ്റ് ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് പേമാരി കാരണം താല്‍ക്കാലികമായി നിർത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരിയിലാണ് ആരംഭിച്ചിരുന്നത്. ഏപ്രിലിൽ നായിക കത്രീന കൈഫിന് കൊവിഡ് പോസിറ്റീവായതോടെ ചിത്രീകരണം തടസ്സപ്പെട്ടിരുന്നു. കൊഡിന്‍റെ രണ്ടാം തരംഗം മൂലം സിനിമ ഷൂട്ടിംഗ് നിർത്തിവെച്ചിരുന്നു. സിനിമയ്ക്കുവേണ്ടി ദുബായ് മാർക്കറ്റിന്‍റെ മാതൃകയിൽ ഗുരുഗ്രാമിലെ എസ്ആർപിഎഫ് മൈതാനിയിൽ ഒരുക്കിയിരുന്ന സെറ്റാണ് കഴിഞ്ഞ ദിവസത്തെ ടൗട്ടെ ചുഴലിക്കാറ്റിൽ തകർന്നിരിക്കുന്നതെന്നാണ് അറിയുന്നത്. ഫിലിം സിറ്റിയെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ഗംഗുഭായ് കത്തിയവാഡയുടെ സെറ്റിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജോലിക്കാര്‍ സുരക്ഷിതരാണെന്നും സെറ്റുകൾക്കാണ് കേടുപാടുകൾ സംഭവിച്ചതെന്നും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡന്‍റ് ബിഎൻ തിവാരി അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സൽമാൻ ഖാൻ നായകനായി വൻ വിജയം നേടിയ ഏക് താ ടൈഗറിന്‍റെയും ടൈഗർ സിന്ദ ഹെയുടേയും തുടര്‍ച്ചയായാണ് ടൈഗർ 3 ചിത്രം ഒരുങ്ങുന്നത്. അതിനാൽ അദ്ദേഹത്തിന്‍റെ ആരാധകർ ഏറെ പ്രതീക്ഷയിലുമാണ്. അദ്ദേഹത്തിന്‍റെ രാധേ എന്ന ചിത്രം അടുത്തിടെ ഒടിടി റിലീസായി എത്തിയിരുന്നത് മികച്ച അഭിപ്രായം നേടിയിരുന്നു. മാത്രമല്ല കൊവിഡിൽ വലയുന്ന സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി അദ്ദേഹം അടുത്തിടെ എത്തിയിരുന്നു. ആരോഗ്യപ്രവർത്തകര്‍ക്കായി സൗജന്യ ഭക്ഷണ വിതരണവും നടത്തിയിരുന്നു.