നീണ്ട ഇടവേളയ്ക്ക് ശേഷം ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നു

സഞ്ചാരികളുടെ പറുദീസയായ ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. ഊട്ടി വീണ്ടും സജീവമായതോടെ ഏറെ സന്തോഷത്തിലാണ്  സഞ്ചാരികളായാലും ഊട്ടിയിലെ കച്ചവടക്കാരായാലും. ഊട്ടിയിലെ ഹോട്ടൽ, റിസോർട്ട്, കോട്ടേജ്, ലോഡ്ജ്, ട്രാവൽസ്, ഗൈഡ്… എന്നുവേണ്ട വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന എല്ലാവിഭാഗവും സന്തോഷത്തിലാണ്.

എട്ടുമാസത്തെ കാത്തിരിപ്പിനുശേഷമാണ് ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കുന്നത്. കോവിഡ് കാരണം ആയിരക്കണക്കിനുപേർ വരുമാനമില്ലാതെ പെരുവഴിയിലായിരുന്നു. വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ടാണ് കോവിഡിന്റെ വരവ്. മാർച്ച്‌ അവസാനം ഇവിടത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും കൊട്ടിയടച്ചു.

തിങ്കളാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നത്. ഊട്ടി ബോട്ട് ഹൗസ്, ദോഡബെട്ട, ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്നുകിടക്കുന്ന പൈക്കര തടാകം, വെള്ളച്ചാട്ടം, പൈൻ ഫോറസ്റ്റ്, ഒൻപതാം മൈൽ, കൂനൂരിലെ ഡോൾഫിൻ നോസ് തുടങ്ങിയ എല്ലാ സഞ്ചാരകേന്ദ്രങ്ങളും സജീവമാവുകയാണ്. വർഷന്തോറും 30 ലക്ഷത്തിൽക്കൂടുതൽ സഞ്ചാരികളാണ് ഊട്ടിയിൽ എത്തുന്നത്. പതിനായിരക്കണക്കിന് പേരാണ് സഞ്ചാരികളെ ആശ്രയിച്ച് വിവിധ സംരംഭങ്ങളും തൊഴിലും നടത്തിവരുന്നത്.

Related posts