രക്തസമ്മര്‍ദ്ദമുള്ളവർ അവരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. അല്ലാത്തപക്ഷം അത് മറ്റുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വ്യക്തിയെ എത്തിച്ചേക്കാം.പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്ന അവസ്ഥ വരെയെത്തിക്കുന്നത്.

ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത്, കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണ്.രണ്ടാമതായി, അപകടകരമാംവിധം ബിപിയില്‍ വ്യതിയാനം സംഭവിക്കുമ്പോൾ അത് തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. ഇതിന് രക്തസമ്മര്‍ദ്ദം അധികരിക്കുമ്പോൾ ശരീരം അത് സൂചിപ്പിക്കാന്‍ നല്‍കുന്ന ലക്ഷണങ്ങളെ കുറിച്ച് ധാരണ വേണം. ഇതാ അത്തരത്തില്‍ ബിപി അസാധാരണമാംവിധം ഉയരുമ്പോൾ കണ്ടേക്കാവുന്ന ഏഴ് ലക്ഷണങ്ങള്‍.
1. തളര്‍ച്ച അനുഭവപ്പെടുക.
2. കാഴ്ച മങ്ങുക.
3. സംസാരിക്കാന്‍ കഴിയാതിരിക്കുക.
4. നടക്കാന്‍ സാധിക്കാതിരിക്കുക.
5. ശ്വാസതടസം നേരിടുക.
6. നെഞ്ചുവേദന
7. കഠിനമായ തലവേദന.

ബിപി ഉള്ളവരാണെങ്കില്‍ വീട്ടില്‍ തന്നെ കൃത്യമായ ഇടവേളകളില്‍ അത് പരിശോധിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതാണ് ഉചിതം. അതോടൊപ്പം ഡയറ്റ് പോലുള്ള കാര്യങ്ങളിലും ചിട്ടയാകാം. സാധാരണഗതിയില്‍ 90/60 mmHg മുതല്‍ 120/80 mmHg വരെയാണ് നോര്‍മല്‍ ബിപി റീഡിംഗ് വരിക. ഇത് 140/90 mmHg യിലോ അതിലു കൂടിയ നമ്പറിലേക്കോ കടന്നാല്‍ തീര്‍ച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. എണ്‍പതിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 150/90 mmHg ആണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കപ്പെടുന്നത്.