മലയാള സിനിമയിലെ മികച്ച നടന്മാരാണ് പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും. നമ്മെ വിട്ടുപിരിഞ്ഞ അതുല്യ പ്രതിഭ സുകുമാരന്റെ പുത്രന്മാരാണ് ഇരുവരും. പ്രിത്വിയോടും ഇന്ദ്രനോടും മലയാളക്കരയ്ക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. സഹോദരങ്ങൾ എന്നതിന് പുറമെ ഇവർ നല്ല സുഹൃത്തുക്കൾ ആണെന്ന് മുൻപ് ഇരുവരുടെയും അമ്മ മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ആ സുഹൃത്ബന്ധം ക്ലാസ്മേറ്റ്‌സ് ഉൾപ്പടെയുള്ള പല ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചപ്പോൾ മികച്ച അനുഭവം പ്രേക്ഷകർക്ക് നൽകാൻ ഇരുവരെയും സഹായിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിയും ഇന്ദ്രജിത്തും വീണ്ടും ഒന്നിയ്ക്കുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാക്കപ്പ് ആയി എന്ന വാർത്തയാണ് വന്നിരിക്കുന്നത്. കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് ഇടയിലും ചിത്രത്തിന്റെ ഷൂട്ടിങ് 48 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുവാണ്. രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപിനെ നായകനാക്കി കമ്മാര സംഭവം സംവിധാനം ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ രതീഷിന്റെ രണ്ടാമത്തെ ചിത്രമാണ് തീര്‍പ്പ്.
ലൂസിഫര്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറക്കുന്ന ചിത്രമാണ് തീര്‍പ്പ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ ടിയാന്‍ എന്ന ചിത്രത്തിന് വേണ്ടി മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചിരുന്നു.
ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിയ്ക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥ ആയതുകൊണ്ട് ഒരുപാട് അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. രതീഷ് ആദ്യ സംവിധാന സംരഭമായ കമ്മാര സംഭവത്തിനും തിരക്കഥ തയ്യാറാക്കിയത് മുരളി ഗോപി ആയിരുന്നു.
വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ നല്ലൊരു സിനിമയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്നാണ് ഇഷ തല്‍വാര്‍ പറഞ്ഞത്. തീര്‍പ്പിന്റെ കഥ കേട്ടപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല എന്നും ഇഷ പറഞ്ഞിരുന്നു.