കാമുകിയുടെ പിതാവ് പ്രണയബന്ധത്തിന് എതിർത്തതോടെ സ്വയം തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി യുവാവ്

love...

ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയായ ഇരുപതുകാരൻ കാമുകിയുടെ പിതാവ് പ്രണയത്തിന് എതിരു നിന്നതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി.കാമുകിയുടെ പിതാവിനെ കുടുക്കാന്‍ വേണ്ടിയാണ്  തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പദ്ധതിയിട്ടത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു യുവാവിന്റെ ‘തട്ടിക്കൊണ്ടുപോകല്‍’.യുവാവിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസം സുല്‍ത്താന്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അമേഠി സ്വദേശിയായ ജിതേന്ദ്ര കുമാറും സുഹൃത്തുമാണ് അറസ്റ്റിലായത്. സുല്‍ത്താന്‍പൂരിലെ നവേദന്‍പൂരിലുള്ള മുത്തശ്ശിക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.

ഗ്രാമത്തിലെ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ് ഇയാള്‍. ജനുവരി 23 ന് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇയാള്‍ വീടുവിട്ടുപോയി. സംഗീതം പഠിക്കാനായി വരാണസിയിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. ജനുവരി ഇരുപത്തിനാലിന് ജിതേന്ദ്രയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. മകനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം.മകനെ വിട്ടുനല്‍കണമെങ്കില്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോണ്‍. ഇതോടെ പരിഭ്രാന്തരായ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്ര തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയം തോന്നിയത്

ജിതേന്ദ്രയുടെ ഫോണില്‍ നിന്ന് മറ്റൊരു സിം കാര്‍ഡ് ഉപയോഗിച്ചാണ് പിതാവിന് കോള്‍ ചെയ്തത്. ജനുവരി ഇരുപത്തിനാലിന് അര്‍ധരാത്രി രണ്ട് മണിക്ക് സിം കാര്‍ഡ് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി ഇരുപത്തിനാലിന് രാവിലെ എട്ടുമണിയോടെയാണ് പണം ആവശ്യപ്പെട്ട് പിതാവിന് കോള്‍ വരുന്നത്.കൂടുതല്‍ അന്വേഷണത്തില്‍ ജിതേന്ദ്രയുടെ സുഹൃത്തായ രവിയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ശിവാഘട്ടില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയില്‍ ജിതേന്ദ്രയെ പിടികൂടുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കാമുകിയുടെ പിതാവിനെ കുടുക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയതെന്ന് ജിതേന്ദ്ര പറയുന്നത്. പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും പിതാവ് ബന്ധത്തിന് എതിരു നിന്നതോടെ യുവാവ് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. തന്നെ കാണാതായാല്‍ സ്വാഭാവികമായും സംശയം പെണ്‍കുട്ടിയുടെ പിതാവിലേക്ക് നീളുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍.മറ്റൊരു സംഭവത്തില്‍, ഗാസിയാബാദിലുള്ള അഞ്ചാം ക്ലാസുകാരന്‍ യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ച്‌ പിതാവിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെട്ട സംഭവവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

ഗാസിയാബാദ് സ്വദേശിയാണ് അജ്ഞാത നമ്പരിൽ  നിന്നും ഭീഷണി വന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില ഹാക്കര്‍മാര്‍ തന്റെ മെയില്‍ ഹാക്ക് ചെയ്തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. ജനുവരി ഒന്നിനാണ് പരാതി നല്‍കുന്നത്.ഹാക്കര്‍മാര്‍ മെയില്‍ ഐഡിയുടെ പാസ് വേര്‍ഡും റിക്കവറി മൊബൈല്‍ നമ്ബരും മാറ്റിയതായും ഇദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു. പാസ് വേര്‍ഡ് മാറ്റിയതിനു ശേഷം ഒരു മെയില്‍ ലഭിച്ചു. പത്ത് കോടി രൂപ നല്‍കിയില്ലെങ്കില്‍ ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളുടെ വിവരങ്ങളടക്കം പുറത്തുവിടുമെന്നുമായിരുന്നു സന്ദേശം.

പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പരാതിക്കാരന്റെ വീട്ടിലെ ഐപി അഡ്രസില്‍ നിന്നു തന്നെയാണ് ഭീഷണി സന്ദേശം വന്നത് എന്നതാണ് ആദ്യം പൊലീസിനെ ഞെട്ടിച്ചത്. ഇതോടെ കുടുംബത്തിലുള്ള ആള്‍ തന്നെയാണ് ഭീഷണിക്ക് പിന്നില്‍ എന്ന് പൊലീസ് ഉറപ്പിച്ചു.കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൊലീസ് ചോദ്യം ചെയ്തു. ഒടുവില്‍ പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതിനൊന്ന് വയസ്സുള്ള പരാതിക്കാരന്റെ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ യൂട്യൂബിലൂടെയാണ് ഹാക്കിങ് പഠിച്ചതെന്നും പൊലീസിനോട് പറഞ്ഞു.

Related posts