സ്ത്രീകളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലോക്ക് ഡൗണ്‍ കാലത്ത് വനിതാ കമ്മീഷന്‍ നിയോഗിച്ച കൗണ്‍സിലര്‍മാരുടെ സേവനം ലോക്ക് ഡൗണിനു ശേഷവും തുടരുമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി വനിതാ കമ്മീഷന്‍ കൗണ്‍സലര്‍മാരെ നിയോഗിച്ചിരുന്നു. ഇവരുടെ സേവനം സ്ത്രീകള്‍ക്ക് എറെ ഗുണകരമായിട്ടുണ്ട്.
ലോക്ക് ഡൗണ്‍ സമയത്ത് ഗാര്‍ഹിക പീഢനങ്ങള്‍ കുറഞ്ഞതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു. രോഗഭീതി ഉണ്ടായിരുന്നെങ്കിലും വീടുകളില്‍ സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. കലക്‌ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.
സ്ത്രീകള്‍ക്കെതിരെയുള്ള ക്രമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കമ്മീഷനു മുന്‍പാകെ സ്വത്ത് സംബന്ധമായ നിരവധി സിവില്‍ കേസുകള്‍ വരുന്നതായും ചെയര്‍പേഴ്സണ്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് വനിതാ കമ്മീഷന്‍. പുരുഷന്മാര്‍ സ്ത്രീകളെ പ്രേരിപ്പിച്ച് കേസുകള്‍ നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി എടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സ്ത്രീകളുടെ അധ്വാനത്തിന്റെ വില മതിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസ് രമണയുടെ വിധിയെ വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. അമ്മയുടെ സ്വത്ത് മകളുടെ അനുവാദമില്ലാതെ മകന്‍ വിറ്റതായുള്ള പരാതിയില്‍ അമ്മയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മീഷന്‍ പരാതിയില്‍ കഴമ്ബില്ലെന്നു കണ്ടെത്തുകയും മകനുമായി ബന്ധപ്പെട്ട് അമ്മയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. വീട്ടിലേക്കുള്ള വഴി മുടക്കുന്നതുമായി ബന്ധപ്പെട്ട പരാതി, ആശ്രിത നിയമനം, സ്വത്ത് തര്‍ക്കം എന്നിവയെല്ലാം മാനുഷിക പരിഗണനയുടെ പേരില്‍ സമീപിക്കുകയാണെന്ന് കമ്മീഷന്‍ പറഞ്ഞു.
ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ അവിടെ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ ബന്ധപ്പെട്ട മേലധികാരിക്കാണ് പരാതി നല്‍കേണ്ടത്. അവിടേയും നടപടി ഇല്ലാതാവുമ്ബോള്‍ മാത്രമേ കമ്മീഷനെ സമീപിക്കേണ്ടതുള്ളൂ. ഇത്തരത്തില്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കമ്മീഷന്‍ സ്ഥാപനമേധാവിക്ക് പരാതി അയക്കേണ്ട സാഹചര്യമുണ്ടാവുകയാണ്. അതിനാല്‍ പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറാന്‍ ശ്രമിക്കണം.
കോവിഡിനെ തുടര്‍ന്ന് ഒൻമ്പത് മാസങ്ങള്‍ക്കു ശേഷമാണ് കമ്മീഷന്‍ അദാലത്ത് നടത്തുന്നത്. അദാലത്തില്‍ 70 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 22 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 40 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഇതിനു പുറമെ പുതുതായി നാല് പരാതികളും ലഭിച്ചു. അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, ഷിജി ശിവജി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ എസ്.പി വി.യു കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.