ഇന്ത്യയിലടക്കം പലയിടത്തും സിനിമാ തിയറ്ററുകള്‍ അടച്ചിടേണ്ടി വന്നത് കഴിഞ്ഞ മാര്‍ച്ചിൽ ആദ്യഘട്ട ലോക്ഡൗണ്‍ വന്നതിനാലാണ്. ഇപ്പോൾ തിയറ്ററുകളെല്ലാം ഒരു വര്‍ഷത്തോളം നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവർത്തിച്ചുതുടങ്ങുകയാണ്. സിനിമ മേഖല കൊവിഡ് കാരണം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട മേഖലകളിൽ ഒന്നാണ്. ഈ ജനുവരിയിലാണ് പത്ത് മാസത്തോളം അടച്ചിട്ടതിന് ശേഷം തിയറ്ററുകള്‍ തുറന്നു പ്രവർത്തിക്കുന്നത്. സെക്കന്‍ഡ് ഷോയ്ക്കുള്ള അനുമതി ലഭിച്ചത് മാർച്ചിലാണ്.
ദി പ്രീസ്റ്റ് എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമാണ് സെക്കന്‍ഡ് ഷോ ആരംഭിച്ചതിന് ശേഷം ആദ്യമായി തീയേറ്ററുകളിൽ എത്തുന്ന സിനിമ. ചിത്രം പുറത്തിറങ്ങിയത് മാര്‍ച്ച് പതിനൊന്നിന് ആണ്. ചിത്രം ഇപ്പോൾ ആഗോളതലത്തില്‍ വലിയ വിജയമായി കഴിഞ്ഞിരിക്കുകയാണ്.
ദ് പ്രീസ്റ്റ് ആദ്യ ദിവസം മുതല്‍ തന്നെ ഹൗസ്ഫുള്‍ ഷോ ആയാണ് ഓടുന്നത്. ചിത്രം ബോക്‌സോഫീസിലും നല്ല പ്രകടനം കാഴ്ച വെക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. താരചിത്രത്തിന് വമ്പൻ സ്വീകരണമാണ് മലയാള സിനിമ പ്രേമികൾ നൽകിയത്. സൗദി അറേബ്യയില്‍ ദ് പ്രീസ്റ് എന്ന ചിത്രം അവസാനം റിലീസ് ചെയ്ത ടോപ്പ് 10 ഇന്ത്യന്‍ സിനിമകളില്‍ ഇടം നേടിയിരിക്കുകയാണ്. മാസ്റ്റർ എന്ന വിജയ് ചിത്രമാണ് ഒന്നാമത്. വാര്‍, ധബ്ബാങ്, ബിഗില്‍, സൂപ്പര്‍ 30, ഭാരത്, ലൂസിഫര്‍ എന്നിവയ്‌ക്കൊപ്പം എട്ടാം സ്ഥാനത്താണ് പ്രീസ്റ്. ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നതുകൊണ്ട് ചിത്രം ലൂസിഫറിനെയും മറികടക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ പ്രീസ്റ്റിന് ബോളിവുഡ് സിനിമകളായ ചപ്പക്ക്, ബാഗി 3 എന്നിവയെ മറികടക്കാനും കഴിഞ്ഞിട്ടുണ്ട്.
ഇതോടെ വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രീസ്റ്റ് നേടിയ കളക്ഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. ജിസിസി അടക്കമുള്ള ഇടങ്ങളില്‍ നിന്നും ദി പ്രീസ്റ് നേടിയ കളക്ഷനെ സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് പങ്കുവെച്ചത്. 4.91 കോടിയോളം ലഭിച്ചിട്ടുണ്ട് എന്നാണ് ഇവരുടെ കണക്കുകള്‍ പ്രകാരം വ്യക്തമാവുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്ന ആദ്യ സിനിമയാണ് ദ് പ്രീസ്റ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുപാട് പരിമിതികള്‍ക്കിടയിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെയും പ്രീസ്റ്റിനെയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന് ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേക്ഷകരോട് ഹൃദയം നിറഞ്ഞ നന്ദിയും കമ്പനി അറിയിച്ചു.