കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് നേരിട്ട് ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പലവട്ടം തീയതി നിശ്ചയിച്ചിട്ടും പല കാരണങ്ങളാല്‍ നീണ്ടുപോവുന്നു. ഉടന്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടിന് മാസത്തിലേറെ പഴക്കമുണ്ട്. ഡിസംബര്‍ ഏഴിന് ആദ്യ വിമാനമുണ്ടാവുമെന്ന് ഒൗദ്യോഗികമായി അറിയിക്കുകയും പിന്നീട് 14ലേക്കു മാറ്റിവെക്കുകയും ചെയ്തെങ്കിലും ആദ്യവിമാനം ഇതുവരെ എത്തിയില്ല.
ഇപ്പോള്‍ എല്ലാ തടസ്സവും നീങ്ങി ആദ്യ വിമാനം ഡിസംബര്‍ 23 ബുധനാഴ്ച എത്തുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചിട്ടത്. ഇനി എന്ന് സാധ്യമാവുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ജനുവരി ഒന്നുവരെ വിമാനത്താവളം അടച്ചിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളതെങ്കിലും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട അന്തര്‍ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തി ഇത് നീട്ടാനും സാധ്യതയുണ്ട്. മാസങ്ങളായി നാട്ടിലുള്ള തൊഴിലാളികള്‍ക്ക് തിരിച്ചുവരവ് അത്യാവശ്യമാണ്.
ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഉള്ള വരുമാനംകൂടി നിലച്ച സാഹചര്യമാണ്. കുവൈത്തിലാണെങ്കില്‍ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷവുമാണ്. ഇന്ത്യന്‍ വിമാനക്കമ്ബനികള്‍ക്കും അവസരം നല്‍കണമെന്ന ആവശ്യത്തില്തട്ടിയാണ് നേരേത്ത തൊഴിലാളികളുടെ മടക്കം മാറ്റിവെക്കേണ്ടിവന്നത്. ഇപ്പോള്‍ ഇരു രാജ്യങ്ങളിലെയും വ്യോമയാന വകുപ്പുകള്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് പ്രതിദിനം 400 പേരെ കൊണ്ടുവരാനാണ് ധാരണ.
ഇതില്‍ 200 സീറ്റ് ഇന്ത്യന്‍ വിമാനകമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവക്കാണ്. തൊഴിലാളികളുടെ വരവിനോടനുബന്ധിച്ച് കുവൈത്ത് വിമാനത്താവളത്തില്‍ ഒരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ക്വാറന്റീന് കേന്ദ്രങ്ങളും സജ്ജമാണ്.ബിനീദ് അല്‍ ഗാര്, കുവൈത്ത് സിറ്റി, ഫിന്താസ്, സാല്‍മിയ, ഫര്‍വാനിയ, മഹബൂല, അബൂഹലീഫ തുടങ്ങി സ്ഥലങ്ങളില്‍ ഹോട്ടലുകളും അപ്പാര്‍ട്മെന്റുകളും എടുത്താണ് ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.