നായ്ക്കുട്ടി കിണറ്റില്‍ വീണപ്പോൾ രക്ഷിക്കാൻ വേണ്ടി ആളെക്കൂട്ടിയ അമ്മനായ,കോട്ടയത്ത് നിന്ന് മാതൃത്വത്തിന്റെ മഹനീയ മാതൃക

dog.image

ഈ കാലഘട്ടത്തിൽ  മാതാപിതാക്കള്‍ സ്വന്തം മക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുമ്പോൾ  മാതൃത്വത്തിന്റെ മഹനീയ മാതൃക കാട്ടിയ ഒരു തെരുവുനായ. കിണറ്റില്‍ വീണ കുഞ്ഞിനെ ബഹളം വച്ച്‌ ആളെക്കൂട്ടിയാണ് അമ്മനായ രക്ഷിച്ചെടുത്തത്. കോട്ടയം ഐഡ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.പ്രദേശത്ത് അലഞ്ഞു നടക്കുന്ന തെരുവുനായ ആഴ്ചകള്‍ക്ക് മുൻപാണ്  എട്ടോളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ പ്രദേശത്തെ കെട്ടിടത്തിന്റെ ഗോഡൗണില്‍ കളിക്കുന്നതിനിടയില്‍ ഒരു കുഞ്ഞ് കിണറിന്റെ മൂടിക്കിടയിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.കുഞ്ഞ് കിണറ്റില്‍ വീണെന്ന് മനസിലായ നായ ദയനീയമായി കരഞ്ഞും കുരച്ചും ബഹളമുണ്ടാക്കി.

Dog.pappi
Dog.pappi

സമീപത്തെ മാധ്യമ സ്ഥാപനമായ ജനയുഗം ജില്ലാ ബ്യൂറോയുടെ മുന്‍പിലേക്ക് ഓടിയും തിരികെ കിണറിന്റെ അടുത്തെത്തിയും നായ ബഹളം വച്ചതോടെയാണ് ബ്യൂറോ ചീഫായ സരിത കൃഷ്ണന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഓഫീസിന് പുറത്തിറങ്ങി നോക്കിയതോടെ വ‌സ്ത്രത്തില്‍ കടിച്ചുവലിച്ചും കാലില്‍ തോണ്ടിയുമൊക്കെ സരിതയെ കിണറിനടുത്തേക്ക് ആകര്‍ഷിക്കാനായി നായയുടെ ശ്രമം. നായ്ക്കുട്ടി കിണറ്റില്‍ വീണെന്ന് മനസിലായതോടെ കുട്ടയും കയറുമൊക്കെയായി നായ്ക്കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ മൃഗസ്‌നേഹികളുടെ സംഘടനയായ കോട്ടയം ആരോയിലെ അംഗം എ ഫാത്തിമയെ സരിത വിവരമറിയിച്ചു. ഫാത്തിമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അംഗം മനോജും എത്തി.

DOG
DOG

ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സും സമീപത്തുള്ള കെട്ടിടങ്ങളിലുള്ളവരും നായ്ക്കുട്ടിയെ പുറത്തെടുത്തതോടെ ഫാത്തിമയും മനോജും ചേര്‍ന്ന് കോടിമതയിലെ മൃഗാശുപത്രിയിലെത്തിച്ചു. പരിചരണത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വീണ്ടും അമ്മയുടെ അരികിലെത്തിച്ചു.കുട്ടിയെ തിരികെ ലഭിച്ചു കഴിഞ്ഞപ്പോള്‍ ഫാത്തിമയുടെ കാലില്‍ കെട്ടിപ്പിടിച്ച്‌ സ്‌നേഹം പ്രകടിപ്പിക്കുന്ന അമ്മ നായയെ കൗതുകത്തോടെയാണ് എല്ലാവരും നോക്കിയത്.ലോക് ഡൗണ്‍ കാലത്ത് ഇതേ ഗോഡൗണില്‍ അകപ്പെട്ട നായയ്ക്ക് അന്ന് ജനയുഗം ഓഫീസിലെ ജീവനക്കാരാണ് രക്ഷകരായത്. ഇവര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ലോക്ക് അറുത്തുമാറ്റി നായയെ രക്ഷപെടുത്തിയിരുന്നു. തുടര്‍ന്ന് ഭക്ഷണം നല്‍കിത്തുടങ്ങിയതോടെ നായ ജീവനക്കാരുമായി അടുപ്പത്തിലായിരുന്നു.

Related posts