ഞാനിപ്പോഴും ബിപി കൂടി ബെഡില്‍ തന്നെയാണ്. വൈറലായി തരുൺ മൂർത്തിയുടെ വാക്കുകൾ.

അടുത്തിടെ തീയേറ്ററിലും ഒടിടിയിലും ഹിറ്റായി മാറിയ ചിത്രമാണ് ഓപ്പറേഷൻ ജാവ. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂര്‍ത്തിയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രകീർത്തിച്ച് സിനിമാരംഗത്തുനിന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനും നടി മഞ്ജു വാര്യരുമടക്കം നിരവധിപേരാണ് അടുത്തിടെ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി, ചിത്രം കണ്ട ശേഷം നടൻ സുരേഷ് ഗോപി തന്‍റെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ദൈവമേ എന്തൊരു നല്ല ദിവസമാണിന്ന്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി മൊബൈൽ ഫോണിന്‍റെ അങ്ങേയറ്റത്ത് നിന്ന് സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സാങ്കേതികതയെ കുറിച്ചുമൊക്കെ പത്തു മിനിട്ടോളം സംസാരിച്ചു. ഞാനിപ്പോഴും ബിപി കൂടി ബെഡില്‍ തന്നെയാണ്. നന്ദി സാര്‍ എന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. ജാവ പറഞ്ഞവസാനിപ്പിച്ചിടത്തു നിന്നും സൂപ്പർ സ്റ്റാർ പറഞ്ഞു തുടങ്ങുന്നു. ഇന്നേ വരെ കിട്ടിയതിൽ വെച്ച് വലിയ അംഗീകാരം എന്ന് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി സിനിമയെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പും തരുൺ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞൊരു വാചകമുണ്ട്. ആ പിള്ളേരുടെ അവസ്ഥ നെഞ്ചിൽ തോട്ടെടോ, അവസാന വാചകം നീറി ഇങ്ങനെ കിടപ്പുണ്ട്. സിനിമ സംസാരിച്ച രാഷ്ട്രീയത്തിന് എന്തൊക്കെ ചെയ്യാൻ പറ്റുമോ എന്നെ കൊണ്ട് പറ്റുന്നത് എല്ലാം ഞാൻ ചെയ്യുമെന്നാണത്, തരുൺ പറയുന്നു.

ഓപ്പറേഷൻ ജാവയുടെ മേക്കറിനെ വിളിച്ച് സംസാരിച്ചു. സിനിമ വളരെ മികച്ചതാണ്, മാത്രമല്ല അതിന്‍റെ രചനയും സംവിധാനവും ഒരുപോലെ പ്രശംസനീയമാണ്. ശ്രദ്ധേയമായ മേക്കിങ് ഞാൻ പൂർണ്ണമായും ആസ്വദിച്ചു. എല്ലാ കലാകാരന്മാരും അതിശയകരമായിരുന്നു, പ്രത്യേകിച്ച് പ്രശാന്ത്, ഇർഷാദ്, ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്മാൻ, വിനായകൻ, ഒരു ഷോട്ടിൽ വന്നവർ പോലും അമ്പരപ്പിച്ചു. അവസാന ശീർഷക കാർഡ് ഭരണകൂടത്തിനായുള്ള ഒരു അഭ്യർഥനയായി കാണാനായി. വൈകാരികമായി എന്നോടൊപ്പം അതുണ്ട്, ഞാൻ അത് മുന്നോട്ട് കൊണ്ടുപോകും. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, സുരേഷ് ഗോപി ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധിപേർ സിനിമ കണ്ട് തരുൺ മൂർത്തിക്കും അണിയറപ്രവർത്തകര്‍ക്കും കഴിഞ്ഞ ദിവസം അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. തരുണ്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന ചില സുപ്രധാനമായ സൈബര്‍ കേസുകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Related posts