അന്ന് മമ്മൂട്ടിയെ തെറി വിളിക്കാതിരുന്നത് തന്റെ ഭാഗ്യമെന്ന് ! തങ്കച്ചൻ വിതുര പറയുന്നു!

കോമഡി വേദികളിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമാണ് താരമിപ്പോൾ. പ്രേക്ഷകർ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. സ്റ്റാർ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകർക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്. തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചൻ. കുട്ടിക്കാലം മുതൽ തന്നെ പാട്ടും മിമിക്രിയും ഡാൻസുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടിയിരുന്നു. മിനിസ്‌ക്രീനിൽ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോൾ മുതൽ തന്നെ തങ്കച്ചൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ തങ്കച്ചന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പരിപാടിയില്‍ മമ്മൂക്കയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ചും തങ്കച്ചന്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഉറക്കപ്പിച്ചിലായിരുന്ന താന്‍ അദ്ദേഹത്തെ തെറി വിളിക്കാതിരുന്നത് തന്റെ ഭാഗ്യമാണെന്നും പിന്നീട് ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം പോലും തന്നുവെന്നും താരം പറയുന്നു.

തങ്കച്ചന്റെ വാക്കുകള്‍ ഇങ്ങനെ, മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ട്. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയുള്ള ഒരു പ്രോഗ്രാം നടക്കുകയാണ്. അതൊരു ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമാണ്. അവിടുന്ന് എന്നെ കണ്ട മമ്മൂക്ക ഇതാരാണെന്നും ഇയാളെന്തിനാണ് ജുബ്ബ ഇട്ടിരിക്കുന്നതെന്നുമൊക്കെ ചോദിച്ചു. അങ്ങനെ പരിചയപ്പെട്ടു. അതൊക്കെ കഴിഞ്ഞ് പോന്നതിന് ശേഷം പിന്നീടെനിക്കൊരു ഫോണ്‍ വന്നു. ഞാന്‍ റിഹേഴ്സല്‍ ഒക്കെ കഴിഞ്ഞ് വെളുപ്പിന് കിടന്ന് ഉറങ്ങുകയായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള സോഹന്‍ലാല്‍ ചേട്ടനാണ് വിളിക്കുന്നത്. ‘നിങ്ങളെന്താണ് മമ്മൂക്ക വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത്’ എന്ന് പറഞ്ഞു. വെളുപ്പിന് മൂന്ന്, നാല് മണിവരെ റിഹേഴ്സലൊക്കെ കഴിഞ്ഞ് വന്ന് ഉറങ്ങുമ്‌ബോള്‍ അങ്ങനൊരു ഫോണ്‍ വന്നാല്‍ വിശ്വസിക്കാന്‍ പറ്റില്ല. മിമിക്രി ആര്‍ട്ടിസ്റ്റ് ആയ എന്റെ ഒരു സുഹൃത്ത് ടിനി ടോം ചേട്ടന്റെയും മമ്മൂക്കയുടെയും ശബ്ദത്തില്‍ വിളിച്ച് എന്നെ പറ്റിക്കും. ഞാന്‍ അവനെ വഴക്കും പറയാറുണ്ട്. അയാള്‍ ആയിരിക്കും എന്നാണ് ഞാന്‍ ആദ്യം കരുതിയത്.

പെട്ടെന്ന് സോഹന്‍ലാല്‍ ചേട്ടന്‍ മമ്മൂക്കയുടെ കൈയ്യില്‍ കൊടുക്കാമെന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു. ഫോണ്‍ എടുത്തതും മമ്മൂക്ക ചോദിച്ചു, ‘തങ്കച്ചന്‍ അല്ലേ, ഞാന്‍ വിളിച്ചിട്ട് എന്താണ് ഫോണ്‍ എടുക്കാത്തത്. ഇയാളുടെ നമ്ബര്‍ അല്ലേ’ എന്ന് ചോദിച്ചു. പിന്നെ ഞാന്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ദൈവ ഭാഗ്യത്തിന് വായില്‍ ഒന്നും വന്നില്ല. ഞാന്‍ തെറിയൊന്നും പറഞ്ഞില്ല. സാധാരണ പറ്റിക്കാന്‍ വിളിക്കുന്നവനെ ഞാന്‍ തെറി പറയാറുള്ളതാണ്. ആദ്യം വിശ്വസിച്ചിരുന്നില്ല. പിന്നീട് നാളെ വെളുപ്പിനുള്ള വണ്ടിയ്ക്ക് വരണം. സംവിധായകന്റൈ പേര് പറഞ്ഞു. എന്നെയും വന്ന് കാണണം എന്നൊക്കെ പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസം വന്നത്. പരോള്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് എന്നെ വിളിച്ചത്. അവിടെ പോയി എല്ലാവരെയും പരിചയപ്പെട്ടു. സംവിധായകനും സ്‌ക്രിപ്റ്റ് റൈറ്റര്‍ക്കും ഒപ്പമാണ് ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടത്. അന്ന് രണ്ടാമത്തെ നിലയില്‍ ബെര്‍മൂഡ ഇട്ട രണ്ട് കാലുകള്‍ കണ്ടിരുന്നു. അത് ദുല്‍ഖര്‍ സാറിന്റേതാണെന്ന് ഉറപ്പാണ്. അങ്ങനെ നല്ലൊരു സ്നേഹമാണ് മമ്മൂക്കയില്‍ നിന്നും ലഭിച്ചത്.

Related posts