പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ടെസ്സ ജോസഫ്. ടെസ്സയെ പട്ടാളത്തിന് ശേഷം സ്ക്രീനിൽ കണ്ടിരുന്നില്ല. എന്നാൽ മിനിസ്‌ക്രീനില്‍ ഇപ്പോള്‍ താരം തിളങ്ങുകയാണ്. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലൂടെ ആണ് താരം തന്റെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. വീട്ടമ്മയായ അനുപമ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് നടി ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്. അഭിനയത്തില്‍ നിന്നും ഇടവേള എടുക്കേണ്ടി വന്നത് വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയത് കൊണ്ടാണെന്നാണ് ടെസ്സ പറയുന്നത്. നടി മനസ് തുറന്നത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് .
ടെസ്സയുടെ വാക്കുകള്‍ ഇങ്ങനെ, ഭര്‍ത്താവ് അനില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ്. രാഹുല്‍, റോഷന്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. അവിടെയുള്ള സമയത്ത് ഭക്ഷണം തൊട്ട് വീട്ടിലെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത് ഞാനാണ്. പക്ഷേ ഇങ്ങനൊരു ഓഫര്‍ വന്നപ്പോള്‍ ഞാനാദ്യമേ പറഞ്ഞിരുന്നു. ‘ഇതൊരു ദീര്‍ഘകാല പ്രോസസാണ്. നമ്മള്‍ ഏറ്റെടുത്താല്‍ പന്നെ പാതി വഴിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്ന്. അദ്ദേഹം പറഞ്ഞത് ധൈര്യമായി ഏറ്റെടുക്കൂ എന്നാണ്. അതിലും വലിയ സപ്പോര്‍ട്ട് നല്‍കി എന്റെ ചെക്കന്മാരും കൂടെ നിന്നു. അമ്മ ധൈര്യമായി പോയിട്ട് വാ. ഇവിടെ ഞങ്ങള്‍ മാനേജ് ചെയ്തോളം എന്നാണ് അവരും പറഞ്ഞത്. പണ്ട് മുതലേ എന്റെ സിനിമകളൊക്കെ അവര്‍ കാണാറുണ്ട്. അമ്മ മികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം. ഭര്‍ത്താവ് അനില്‍ ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന ആളാണ്. മലയാളം അത്ര പിടിയില്ല. ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി കൃത്യസമയത്ത് അത് കാണും. മൂത്തമോനും ആരാധകനാണ്. ഇളയ ആള്‍ക്ക് ആരെങ്കിലും വഴക്ക് പറയുന്നതും ഞാന്‍ കരയുന്നതും കാണുന്നത് ഭയങ്കര വിഷമമാണ്.
ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സീരിയലിലെ നായകന്‍ കിരണ്‍ വഴക്ക് പറയുകയും ഞാന്‍ കരയുകയും ചെയ്യുന്ന സീനുകള്‍ വന്ന് തുടങ്ങി. അന്ന് മുതല്‍ അവന്‍ അത് കാണില്ല. ‘എന്റെ മോന്റെ മുന്നിലൊന്നും പോയി പെടേണ്ട. എന്തിനാ എന്റെ അമ്മയെ വഴക്ക് പറഞ്ഞതെന്ന് ചോദിച്ച് അടിയും കുത്തുമൊക്കെ തന്നിരിക്കുമെന്ന് ഞാന്‍ കിരണിനോട് പറഞ്ഞിട്ടുണ്ട്. പണ്ട് മുതലേ അവതാരക ആവാനാണ് ഇഷ്ടം. സിനിമയോ സീരിയലോ ഒന്നും മനസില്‍ ഉണ്ടായിരുന്നില്ല. നന്നായി സംസാരിക്കാനാണ് ഏറ്റവും ഇഷ്ടം. മിണ്ടാനും കേള്‍ക്കാനുമൊക്കെ ഇപ്പോഴും കൂടെ ആരെങ്കിലും വേണം.
2003 ലാണ് ആദ്യ സിനിമ. ശേഷം വിവാഹം കഴിച്ചു. അതോടെ തിരക്കായി. അബുദാബിയില്‍ സെറ്റിലാവുകയും ചെയ്തു. 2016 ന് ശേഷം ചില സിനിമകള്‍ ചെയ്തു. ആകെ അഞ്ച് ചിത്രങ്ങളെ ലിസ്റ്റിലുള്ളു. മക്കള്‍ ചെറുതായിരിക്കുന്ന സമയത്ത് വന്ന കുറച്ച് പടങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. മക്കളെ വിട്ട് ഇത്രയും ദൂരം വന്ന് ജോലി ചെയ്യാന്‍ എന്ത് കൊണ്ടോ മനസ് അനുവദിച്ചില്ല. അവരെ പിരിഞ്ഞിരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ കുറച്ച് മുതിര്‍ന്നു. അവരുടെ കാര്യങ്ങള്‍ക്ക് പ്രാപ്തരായി. ഇനി നല്ലൊരു വേഷം വേണമെന്നാണ് മനസില്‍. എന്തിനാണ് ഇത്രയും നാളുകള്‍ക്ക് ശേഷം വന്ന് ഈ റോള്‍ ചെയ്തതെന്ന് പ്രേക്ഷകര്‍ക്ക് തോന്നാല്‍ പാടില്ലല്ലോ.