കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച സീരിയൽ താരം ആദിത്യ ജയന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നു ഡോക്ടർമാർ. കൂടുതൽ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് ആദിത്യൻ സ്വരാജ് റൗണ്ടിനു സമീപം കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.
രാത്രി എട്ടരയോടെയാണ് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് കാർ കാനയിലേക്ക് ചരിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഡ്രൈവിങ് സീറ്റിൽ നടൻ ആദിത്യനെയായിരുന്നു. ദേഹത്താകെ രക്തവും കൈ ഞരമ്പ് മുറിച്ച നിലയിലുമായിരുന്നു താരം. ഉടനെ തന്നെ താരത്തെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നടി അമ്പിളി ദേവിയുമായുമായുള്ള ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ നടനെ അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും പരസ്പരം നടത്തിയ ആരോപണ പ്രത്യാരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ആയുധവുമായി വീട്ടിൽ എത്തിയ ആദിത്യൻ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് അമ്പിളി ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിന്റെ മാനസിക സമ്മർദ്ദമാകാം ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പോലീസ് കരുതുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആദിത്യനെതിരെ അമ്പിളി ദേവി രംഗത്ത് വന്നത്. താരത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നെ ചതിച്ചു എന്നും താരം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി ആദിത്യനും എത്തിയിരുന്നു.