മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം നാളെ മുതൽ ഒ ടി ടിയിലും

മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ചതുർമുഖം. ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്‍ സിനിമയായാണ് അറിയപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിൽ തിയേറ്റർ റിലീസിന് ശേഷം ഇപ്പോൾ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. മഞ്ജുവാര്യരെ കൂടാതെ സണ്ണി വെയ്നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തീയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സീ 5ലൂടെ നാളെയാണ് ചിത്രം ഒടിടി റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വിവരം മഞ്ജു വാര്യരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഇതിനോടൊപ്പം ചിത്രത്തിന്റെ പുതിയ ഒരു ട്രെയിലറും താരം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ എട്ടിനായിരുന്നു രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നീ നവാഗത സംവിധായകർ ചേർന്നൊരുക്കിയ ചതുര്‍മുഖം തീയേറ്ററുകളില്‍ പ്രദർശനമാരംഭിച്ചത്. പിന്നീട് കൊവിഡ് രൂക്ഷമായ കാരണത്താൽ പ്രദർശനം നിർത്തിവെക്കുകയായിരുന്നു.

മഞ്ജു ട്രെയിലർ പങ്കുവെച്ചത്, കാത്തിരിപ്പുകൾ അവസാനിച്ചിരിക്കുന്നു. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ശേഷം ചതുർമുഖം സീ 5ലൂടെ ജൂലൈ ഒമ്പതിന് നിങ്ങളുടെ വീടുകളിലേക്കെത്തുന്നു. ചതുർമുഖത്തിനായും അതിലെ നിഗൂഢതകൾ കാണാനായും കാത്തിരിക്കുക, എന്ന് കുറിച്ചുകൊണ്ടാണ്. നിരഞ്ജന, അലൻസിയർ, ശ്യാമപ്രസാദ്, പ്രചോദ്, ശ്രീകാന്ത് മുരളി, നവാസ് വള്ളിക്കുന്ന് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

Related posts