പ്രൊഫഷന്‍ തന്നെ ഉപേക്ഷിച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഞാന്‍ നേരിട്ടത്: തപ്‌സി പന്നു പറയുന്നു!

തപ്‌സി പന്നുവിനെ കേന്ദ്രകഥാപാത്രമാക്കി മലയാളിയായ വിനില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹസീന്‍ ദില്‍റുബ. ചിത്രം ജൂലൈ 2 നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത് വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണ എന്നിവരാണ്. ചിത്രത്തിന് പല രീതിയിലുള്ള പ്രതികരണങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചിത്രത്തോടുള്ള പ്രതികരണത്തെക്കുറിച്ച് തപ്‌സി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തപ്‌സി നല്‍കിയ ഉത്തരമാണ് ശ്രദ്ധ നേടിയത്. സിനിമാ നിരൂപകര്‍ക്ക് ചലച്ചിത്ര മേഖലയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കണം. സിനിമയിലെ എന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത സിനിമകളിലെ എന്റെ പ്രകടനത്തെ വളരെ മോശമായി തന്നെ പല നിരൂപകരും വിലയിരുത്തിയിരുന്നു. ഈ പ്രൊഫഷന്‍ തന്നെ ഉപേക്ഷിച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഞാന്‍ നേരിട്ടത്. ഈ മേഖലയിലെ മികച്ച അഭിനേത്രിയാണ് ഞാന്‍ എന്ന് ഇതുവരെയും അവകാശപ്പെട്ടിട്ടില്ല.

ഏതെങ്കിലും ഒരു ചിത്രം ചൂണ്ടിക്കാട്ടി, അത് ഞാന്‍ ചെയ്താല്‍ നന്നാകും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്റെ അഭിനയ രീതിയെ വിമര്‍ശിക്കാം. മോശം പ്രകടനങ്ങളില്‍ നിന്ന് മനസ്സിലാക്കിയും തിരുത്തിയുമാണ് ഞാന്‍ ഇവിടം വരെയെത്തിയത്. എന്നാല്‍ ഓരോ ചിത്രങ്ങളിലും വേഷവിധാനങ്ങള്‍ മാറുന്നതല്ലാതെ തപ്‌സി ഒന്നും ചെയ്യുന്നില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് കേട്ട് നില്‍ക്കാനാകില്ല. ആ വിമര്‍ശനം തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ഞാന്‍ ശക്തമായ നിലപാട് എടുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ടി ഞാന്‍ തന്നെ നിലകൊള്ളേണ്ട സമയമാണിത് എന്ന് തപ്‌സി പറഞ്ഞു.

Related posts