സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലെ ആവേശപ്പോരാട്ടത്തിൽ വമ്പൻമാരായ മുംബൈ ടീംനെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസ്. മറുപടി ബാറ്റിങ്ങിൽ 25 പന്തു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ഡൽഹി ഉയർന്ന റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഒന്നാമതു നിൽക്കുന്നു. മുംബൈ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അസ്ഹറുദ്ദീൻ കേരളത്തിന്റെ തിരിച്ചടിക്ക് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് വെറും 57 പന്തിൽ അടിച്ചുകൂട്ടിയത് 129 റൺസാണ്! ഉത്തപ്പയെ മുലാനി വീഴ്ത്തിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം രണ്ടാം വിക്കറ്റിൽ വെറും 27 പന്തിൽനിന്ന് 61 റൺസും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. സഞ്ജു വിജയത്തിനരികെ പുറത്തായെങ്കിലും സച്ചിൻ ബേബിയെ സാക്ഷിനിർത്തി അസ്ഹറുദ്ദീൻ ടീമിനെ വിജയത്തിലെത്തിച്ചു.
വെറും 37 പന്തിൽനിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീൻ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ വെറും 32 പന്തിൽനിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യൻ റെക്കോർഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശർമയാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിനുവേണ്ടി 37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോർഡിന് ഒപ്പമെത്തി അസ്ഹർ.