മലയാള സിനിമയിലെ ആക്ഷൻ സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ അതിന് ഒരു മറുപടിയെ ഉള്ളൂ,സുരേഷ് ഗോപി. മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുരേഷ് ഗോപി പിന്നീട് പ്രതിനായക വേഷങ്ങളിൽ ശ്രദ്ധേയനായി. തലസ്ഥാനം എന്ന ഷാജികൈലാസ് ചിത്രത്തിലൂടെ സുരേഷ്‌ഗോപി മിന്നും താരമായി. ശേഷം കമ്മീഷണർ ഉൾപ്പടെ നിരവധി ആക്ഷൻ പാക്ക്ഡ് ചിത്രങ്ങളിൽ നായകനായി എത്തിയിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായി. ഇപ്പോഴിതാ നടന്‍ പൃഥ്വിരാജിനെതിരെയും കുടുംബത്തെയും ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ച സ്വകാര്യ ടിവി ചാനലിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് താരം. വിമര്‍ശനങ്ങളില്‍ അന്തസും മാന്യതയും വേണമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിമര്‍ശിക്കുമ്പോള്‍ സമഗ്രത, അന്തസ്സ്, മാന്യത എന്നിവ നിലനിര്‍ത്തണമെന്നും വികാരങ്ങള്‍ ശുദ്ധവും ആത്മാര്‍ത്ഥവുമാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്‍, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്ബോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു.
വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്. അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു! എന്നാണ് താരം പറയുന്നത്.