സുരേഷ് ഗോപി മലയാളികൾക്ക് പ്രിയങ്കരനാണ്. മലയാളചലച്ചിത്രമേഖലയിലും രാഷ്ട്രീയത്തിലും താരം സജീവമായുണ്ട്. അടുത്തിടെ താരം മേല്‍ശാന്തിമാർക്ക് വിഷുക്കൈനീട്ടം നല്‍കിയത് വിവാദമായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണമാണ് ഇപ്പോഴത്തെ വിഷയം. താരം തന്റെ കാറിൽ ഇരിക്കുമ്പോൾ വിഷുകൈനീട്ടം നല്‍കുന്നതിന്റെയും അത് വാങ്ങിയ ശേഷം ആരാധകർ കാലിൽ വീണ് നമസ്കരിക്കുന്നതിന്റെയും വീഡിയോ വൈറലായിരിക്കുകയാണ്. ഇത് കണ്ട് നിരവധി പേരാണ് താരത്തിനെതിരെ സോഷ്യൽ മീഡിയകളിലൂടെ വിമര്‍ശനങ്ങളുമായി എത്തിയത്.
സുരേഷ് ഗോപി തന്റെ കാറില്‍ കൈനീട്ടവുമായി ഇരിക്കുന്നു. സ്ത്രീകള്‍ വരിയായി ഇത് വാങ്ങുവാനായി എത്തുകയും പണം വാങ്ങിയശേഷം ഓരോരുത്തരായി കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കൈനീട്ടം വാങ്ങിയതിനുശേഷം എല്ലാവരും ചേര്‍ന്ന് താരത്തോടൊപ്പം ഫോട്ടോയും എടുക്കുന്നുണ്ട്. ഇതിനോടകം ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈനീട്ട വിതരണത്തിന്‍റെ വീഡിയോ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞു. താരത്തിന്റെ പേരിലുള്ള ഈ വിഷുകൈനീട്ട വിതരണം തൃശൂരിലെ ബിജെപി നേതൃത്വത്തിന്റെ കൂടി സഹകരണത്തോടെയാണ് നടത്തിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാര്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് വിവാദമായതോടെ തുക സ്വീകരിക്കുന്നത് വിലക്കിയിരുന്നു. താരം വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയിരുന്നു. ഇതേതുടർന്നാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്.
ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നും കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ദേവസ്വം ബോർഡിന്‍റെ വാർത്താക്കുറിപ്പില്‍ പറയുന്നു. താരത്തിന്റെ പേര് പറയാതെയാണ് വിലക്ക്. ഇതുകൂടാതെ സുരേഷ് ഗോപി ദേവസ്വം ബോർഡിന്റേതല്ലാത്ത പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും വിഷുക്കൈനീട്ടം നല്‍കിയിരുന്നു. സുരേഷ് ഗോപിക്കെതിരെ സിപിഐ ആരോപിക്കുന്നത് വിഷുക്കൈനീട്ടത്തെ മറയാക്കി രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നാണ്. തൃശൂരിലെ പൊതുസമൂഹത്തിന് ക്ഷേത്രങ്ങളും പൂരങ്ങളും വോട്ടുപിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുന്നത് തിരിച്ചറിയാന്‍ കഴിവുണ്ടെന്ന് സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എം എല്‍ എ പറഞ്ഞു.