എന്റെ സിനിമയിലെ ഡയലോഗില്‍ പറഞ്ഞാല്‍ നല്ല തന്തയ്ക്കു പിറന്ന തെങ്ങ് തലയുയര്‍ത്തി നില്‍ക്കണം! സ്മൃതികേരം പദ്ധതിയുമായി സുരേഷ് ഗോപി

സുരേഷ് ഗോപി മലയാളികളുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. മാസ് ഡയലോഗുകള്‍ സിനിമയില്‍ ആയാലും മറ്റ് വേദികളിലായാലും സുരേഷ് ഗോപിക്ക് നിര്‍ബന്ധമാണ്. സ്മൃതികേരം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനത്തിലും സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകളുണ്ടായിരുന്നു. സുരേഷ് ഗോപി എംപിയുടെ വാക്കുകള്‍. ഇങ്ങനെ ”നല്ല തണ്ടെല്ലുറപ്പുള്ള തെങ്ങ് നട്ടുവളര്‍ത്തണം, എന്റെ സിനിമയിലെ ഡയലോഗില്‍ പറഞ്ഞാല്‍ നല്ല തന്തയ്ക്കു പിറന്ന തെങ്ങ് തലയുയര്‍ത്തി നില്‍ക്കണം”

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന ആഘോഷങ്ങളോട് അനുബന്ധിച്ചു നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് നാളികേര വികസന ബോര്‍ഡ് അംഗവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ഒരു കോടി കേര വൃക്ഷത്തൈകള്‍ നടുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഓരോ തെങ്ങും ഓരോ മഹാന്റെ പേരില്‍ അറിയപ്പെടണമെന്ന നിര്‍ദേശം നല്‍കിയാണ് സുരേഷ് ഗോപി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തത്.

കാഞ്ചിയാര്‍ പഞ്ചായത്തിലെ ആദ്യ പ്രസിഡന്റ് വട്ടപ്പള്ളി നാരായണന്‍ നായരുടെ പേരില്‍ ഉള്ള തൈ ജെപിഎം കോളജ് അങ്കണത്തില്‍ നടുകയും ചെയ്തു. ജോണ്‍ പോള്‍ മാര്‍പാപ്പയുടെ പേരിലുള്ള തെങ്ങിന്‍ തൈ കോളേജ് മാനേജര്‍ എബ്രഹാം പാനിക്കുളങ്ങരയ്ക്ക് നല്‍കി. അതിനു ശേഷമാണു ലബ്ബക്കടയില്‍ നടന്ന പരിപാടിയില്‍ മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി എത്തിയത്. പട്ടം താണുപ്പിള്ള, മന്ത്രി കെ.ടി.ജേക്കബ്, ബ്രദര്‍ ഫോര്‍ത്തൂനാത്തൂസ് തുടങ്ങിയവരുടെ പേരുകളിലുള്ള തെങ്ങിന്‍ തൈകളും അദ്ദേഹം വിതരണം ചെയ്തു.

Related posts