കേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കൂടിവരുകയാണ്. തൃശൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന നടന് സുരേഷ് ഗോപി മറ്റു താര സ്ഥാനാര്‍ത്ഥികളിൽ നിന്നും അല്പം വ്യത്യസ്തമാണ്. പൊതുവെ മുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനിറങ്ങുന്നത്. എന്നാല്‍ സുരേഷ് ഗോപി ഇന്നലെ വന്നിറങ്ങിയത് അങ്ങനെയായിരുന്നില്ല. നടന് എത്തിയത് ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്പോര്‍ട്സ് ഷൂ, കടും നിറത്തിലുള്ള ബ്രാന്‍ഡഡ് സ്പോര്‍ട്സ് ലോഗോയുള്ള ടീ ഷര്‍ട്ട് എന്നിവ ധരിച്ചാണ്. താരം തന്റെ പ്രഭാത നടത്തം പ്രചാരണ യാത്രയാക്കുകയായിരുന്നു. ഇത്തരത്തില്‍ രാവിലെ നടന് എത്തിയത് തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ ആണ്. ഈ സമയം മാര്‍ക്കറ്റില്‍ നല്ല തിരക്കായിരുന്നു. പുറത്തേക്കും അകത്തേക്കുമായി നൂറ് കണക്കിന് ചുമട്ടു തൊഴിലാളികള്‍ ചാക്കുകളുമെടുത്ത് ഓടുകയായിരുന്നു. മാര്‍ക്കറ്റില്‍ സുരേഷ് ഗോപി എത്തിയതോടെ അത് ഒരു ഓളമായി മാറുന്ന കാഴ്ചയാണ് കണ്ടത്.
സുരേഷ് ഗോപി മാര്‍ക്കറ്റിലെ അസൗകര്യങ്ങള്‍ കണ്ടതോടുകൂടി സംസാരിച്ചു തുടങ്ങി. പതുക്കെയുള്ള സംസാരം പിന്നീട് ഉച്ചത്തിലുള്ള മാസ് ഡയലോഗുകളായി മാറുകയായിരുന്നു. മാര്‍ക്കറ്റ് ഇങ്ങനെ കിടന്നാല്‍ പോരാ. ഇതു നന്നാക്കിയെടുക്കാന്‍ എന്റെ കയ്യില്‍ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയില്‍ ഫണ്ടുണ്ട്. എംഎല്‍എ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാന്‍ വീട്ടില്‍നിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും എന്ന സുരേഷ് ഗോപിയുടെ വാക്കുകൾക്ക് കയ്യടിയും ആരവവും ഉയർന്നു. ഇതിനിടയില്‍ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാല്‍ അതു നിങ്ങള്‍ എല്ലാവരും ചേര്‍ന്നു നോക്കണം എന്നും അദ്ദേഹം പറഞ്ഞു ഇതിനിടെ പലരും ഏറ്റു എന്നു പറഞ്ഞു. തുടർന്ന് സുരേഷ് ഗോപി ഇത് കേട്ട് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു, ഏല്ക്കണം.
കുറച്ച് നിമിഷത്തേക്ക് താര സ്ഥാനാര്‍ത്ഥി കടന്നു പോകവെ കച്ചവടം നിലച്ചു. ഇതിനിടെ സുരേഷ് ഗോപി നടന്നു നീങ്ങിയത് സമ്മാനമായി ലഭിച്ച പഴക്കുല ഉയര്‍ത്തിപ്പിടിച്ച് അതുമായിട്ടാണ്. മീനിനെ കുറിച്ചായിരുന്നു മത്സ്യ, മാംസ മാര്‍ക്കറ്റില്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥിയുടെ സംസാരം. മാര്‍ക്കറ്റില്‍ നിന്നുമിറങ്ങി വാഹനത്തില്‍ കയറുന്നതിന് മുൻപ് തന്റെ അടുത്തെത്തിയ ആളോട് പൊളിച്ചില്ലേ എന്ന് സുരേഷ് ഗോപി ചോദിക്കുകയും പൊളിച്ചു എന്ന് അടുത്തെത്തിയയാള് മറുപടി പറയുകയും ചെയ്തു. ശേഷം താരം മടങ്ങിയത് തിരിച്ചും പൊളിച്ചു തരണം എന്ന് മാസ് ഡയലോഗും പറഞ്ഞാണ്.