മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു.
ജയിച്ചാലും തോറ്റാലും മാർക്കറ്റ് നവീകരണത്തിന് പണം നൽകുമെന്ന് സുരേഷ് ഗോപി വാക്കും നൽകി. ഈ വാക്കാണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്. ശക്തൻ മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തിയ സുരേഷ് ഗോപി എംപിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. സുരേഷ് ഗോപിയുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് ശക്തൻ മാർക്കറ്റ് നവീകരിക്കുന്നത്. മാർക്കറ്റ് സന്ദർശിക്കുന്നതിനിടെ മീൻ മാർക്കറ്റിൽ എത്തിയ അദ്ദേഹം വില ചോദിച്ച് മീൻ വാങ്ങുകയും ചെയ്തു.
മാർക്കറ്റിൽ എത്തിയതോടെ മീൻ കച്ചവടക്കാർ സുരേഷേട്ടാ വിളികളോടെ എത്തി. എല്ലാവരേയും അഭിവാദ്യം ചെയ്ത ശേഷം തൊട്ടടുത്തുള്ള മീൻവിൽപ്പനക്കാരന്റെ അടുത്തെത്തി മീനിന്റെ വില ചോദിക്കുകയും നെയ്മീൻ വാങ്ങിക്കുകയും ചെയ്തു. കറി വയ്ക്കാൻ നെയ്മീനാണ് അദ്ദേഹം വാങ്ങിയത്. കറിവയ്ക്കാൻ ഏതാ നല്ലതെന്ന് ചോദിച്ചതിന് നെയ്മീൻ എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്ന മീൻ സുരേഷ് ഗോപി വാങ്ങിക്കുക ആയിരുന്നു. മൂവായിരം രൂപയ്ക്ക് അടുത്താണ് മീനിന്റെ വില. പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും സുരേഷ് ഗോപി നിർദേശിച്ചു. മീനെ കയ്യിലെടുത്ത് പൊക്കി പിടിച്ച് ഒരു ഫോട്ടോയ്‌ക്കും പോസ് ചെയ്ത ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.