ആക്ഷൻ സൂപ്പർ സ്റ്റാറിന് പിറന്നാൾ സമ്മാനവുമായി മമ്മൂട്ടിയും മോഹൻലാലും…!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമേ ഉണ്ടാകൂ, സുരേഷ് ഗോപി. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ചെറിയ വേഷങ്ങൾ ചെയ്ത താരം നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെയാണ് മലയാളികളുടെ പ്രിയതാരമായി മാറിയത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ റിവീലിംഗ് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. അതിനു മുന്നോടിയായാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.

വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് താടിയും നീട്ടിവളര്‍ത്തിയ മുടിയും. വലതുകൈയില്‍ വലിയൊരു ടാറ്റുവും ഉണ്ട്. വാച്ച്‌ റിപ്പയറിംഗ് ചെയ്‍തുകൊണ്ടിരിക്കുകയാണ് നായക കഥാപാത്രം.

എതിറിയല്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സമീന്‍ സലിം ആണ്. ചിത്രത്തിന്‍റെ പേരും മറ്റ് അണിയറ പ്രവര്‍ത്തകര്‍ ആരൊക്കെയെന്നതും അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. സുരേഷ് ഗോപിയുടെ കരിയറിലെ 251-ാം ചിത്രമാണ് ഇത്.

Related posts