നമുക്കൊന്നിക്കാന്‍ നിങ്ങള്‍ക്കും അവസരം.! സിനിമമോഹികൾക്ക് സുവർണ്ണാവസരവുമായി സുരേഷ് ഗോപി!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. തന്റെ 253 ആം സിനിമയെക്കുറിച്ചുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു താരം പങ്കുവെച്ചത്. സര്‍പ്രൈസിങ് ആയൊരു വെളിപ്പെടുത്തല്‍ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നും കുറിച്ചുകൊണ്ടായിരുന്നു പത്ര കട്ടിങ്ങുകള്‍ കൊണ്ടുള്ള ഒരു കൊളാഷ്
സുരേഷ് ഗോപി പങ്കുവെച്ചത്. ഇതോടെ പത്രം 2 വിനെ കുറിച്ചാണോ താരം ഉദ്ദേശിച്ചത് എന്ന സംശയമുയര്‍ത്തി ആരാധകരും എത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വീഡിയോ. സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇതൊരു അവസരമാണ് എന്നാണ് താരം പറയുന്നത്. 50നും 80നും ഇടയില്‍ പ്രായമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്. നമസ്‌കാരം, പറഞ്ഞുവരുന്നത് അവസരങ്ങളെ കുറിച്ചാണ്. ആവര്‍ത്തിക്കാന്‍ സാധ്യത കുറവായ അപൂര്‍വ അവസരങ്ങളെ കുറിച്ച്. അത്തരം ഒരു അവസരത്തിന്റെ വാതില്‍ തുറന്നിട്ടാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത്.

ഞാനും സംവിധായകന്‍ ജിബു ജേക്കബ്ബും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ഞങ്ങളോടൊപ്പം ഒന്നിക്കാന്‍, നമുക്കൊന്നിക്കാന്‍ നിങ്ങള്‍ക്കും അവസരം. അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കില്‍, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, ഇതാണ് നിങ്ങള്‍ കാത്തിരുന്ന ആ അവസരം. നിങ്ങളുടെ പ്രായം 50നും 80നും ഇടയില്‍ ആണെങ്കില്‍ ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ ഭേദമന്യേ നിങ്ങള്‍ക്ക് സ്വാഗതം. ഒരു ഫോട്ടോയും ഒരുമിനിറ്റില്‍ കവിയാത്ത വീഡിയോയുമായ് ഉടന്‍ ഞങ്ങളെ ബന്ധപ്പെടുക.റീല്‍സും ഫോട്ടോഷോപ്പും ഒന്നും വേണ്ട. മേക്കപ്പ് തീരെ വേണ്ട, അത് ഞങ്ങള്‍ ഇട്ടോളം. ഞങ്ങള്‍ തേടുന്ന ആ മുഖം നിങ്ങളാണെങ്കില്‍, നിങ്ങളെ ഞങ്ങള്‍ എടുത്തിരിക്കും. ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്. പുതിയ പ്രതീക്ഷയുടെ തുടക്കവും- സുരേഷ് ഗോപി പറഞ്ഞു.

Related posts