സുരഭി ലക്ഷ്മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ഇപ്പോഴിതാ കുടുംബശ്രീയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ പറയുകയാണ് താരം. തന്റെ അമ്മ കുടുംബശ്രീയിൽ അംഗമായിരുന്നു എന്നും പക്ഷേ അന്നത്തെ കാലത്ത് ഈ കൂട്ടായ്മ തകർന്ന് പോകുമെന്നാണ് എല്ലാവരും പറഞ്ഞ് നടന്നിരുന്നതെന്നും സുരഭി പറയുന്നു.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, കുടുംബശ്രീ തുടങ്ങുന്ന കാലത്ത്, അന്ന് എല്ലാവരെയും ചേർക്കാനായിരുന്നു ശ്രമം. ഞാനൊക്കെ നാട്ടിൽ പുറത്ത് നിന്നുള്ളയാളാണ്. പലർക്കും അതിൽ വിശ്വാസമുണ്ടായിരുന്നില്ല. സ്ത്രീകളല്ലേ, അവർ നാല് ദിവസം കഴിയുമ്പോഴേക്ക് തെറ്റിപിരിഞ്ഞ് പോകുമെന്നായിരുന്നു പലരുടെയും വിശ്വാസം. ഇന്ന് പക്ഷേ അങ്ങനെയല്ല. പണ്ട് എന്റെ അമ്മ കുടുംബശ്രീയിലുണ്ടായിരുന്നു. ഇപ്പോഴില്ല. നാട്ടിൽ എന്ത് നടക്കുകയാണെങ്കിലും, ഇനി കല്യാണമാണെങ്കിലും എല്ലാ മേഖലകളിലേക്കും ഈ കൂട്ടായ്മ എത്തിയിരുന്നു. ഇത് വലിയ അഭിമാനമാണ്. കുടുംബശ്രീയെ തനിക്ക് അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്. സംഘടനയുടെ വളർച്ചയിൽ അഭിമാനമുണ്ട്. നുണപറയാനും കുന്നായ്മ പറയാനുമൊക്കെയാണ് ഈ കുടുംബശ്രീയെന്ന് പലരും കളിയാക്കിയിരുന്നു. പക്ഷേ അതിനും അപ്പുറത്തേക്ക് കുടുംബശ്രീ വളർന്ന് പോയി. ആദ്യത്തെ സമയത്ത് ഓരോ ദിവസവും ഓരോ വീടുകളിലായിരുന്നു കുടുംബശ്രീ ചേർന്നിരുന്നത്. എന്റെ വീട്ടിലൊക്കെ അത്തരത്തിൽ കുടുംബശ്രീ ചേർന്നിരുന്നു. അന്ന് ശരിക്കും ആഘോഷമായിരുന്നു. വീടുകളിൽ സ്പെഷ്യലായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. പീടികയിലെ പലഹാരങ്ങളൊക്കെ ഉണ്ടാവും. നെയ്യപ്പവും അടയുമൊക്കെ റെഡിയാക്കി വെക്കാറുണ്ടായിരുന്നു. വലിയ ആഘോഷമായിരുന്നു. അവർ വന്ന് പേപ്പറിൽ ഒപ്പിടുന്നു. പരസ്പരം വർത്തമാനം പറയുന്നു. ഇതൊക്കെ നല്ല രസമായിരുന്നു.
ഇപ്പോൾ എന്റെ മൂത്ത ചേച്ചി കുടുംബശ്രീയിലുണ്ട്. അതിന്റെ പ്രസിഡന്റും, സെക്രട്ടറിയും, ഖജാഞ്ചിയൊക്കെ ആയി വരുമായിരുന്നു. എല്ലാ അമ്മമാർക്കും ഇപ്പോൾ വലിയ കാര്യമാണ് കുടുംബശ്രീ എന്ന് പറയുമ്ബോൾ. ആദ്യം താഴേ തട്ടിലുള്ളവർ മാത്രമായിരുന്നു കുടുംബശ്രീയുടെ ഭാഗമായിരുന്നവർ. ഇപ്പോൾ പക്ഷേ അങ്ങനെയല്ല, എല്ലാ വീടുകളിലും എല്ലാ തലത്തിലുമുള്ള ആളുകൾ കുടുംബശ്രീയുടെ ഭാഗമായിട്ടുണ്ട്. ഞങ്ങളുടെ മേഖലയിൽ തന്നെ ഒരുപാട് പണക്കാരും സാധാരണക്കാരും ഒക്കെ ചേർന്നു കൊണ്ടാണ് കുടുംബശ്രീ നടത്തുന്നത്. മുൻപ് പലരെയും ആശ്രയിച്ച് കഴിഞ്ഞിരുന്നവർ കുടുംബശ്രീ വന്നതോടെ ഒരുപാട് മാറിയിട്ടുണ്ട്. മുമ്പ് ഒരു യാത്ര പോകണമെങ്കിൽ ഈ സ്ത്രീകൾക്ക് ഭർത്താവും മക്കളുമൊക്കെ വേണമായിരുന്നു. എന്നാൽ ഇന്ന് കുടുംബശ്രീയിലെ സ്ത്രീകൾ അതെല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുകയാണ്. ഇവർ തന്നെ വണ്ടർലേയിലേക്ക് ഒക്കെ ടൂർ പോകുന്നു. ഫ്ളൈറ്റിൽ കയറണമെന്ന് മോഹം കൊണ്ട് ഇവർ ഫ്ളൈറ്റിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. അത് ജാതിഭേദമേന്യേയാണ് പോകാറുള്ളത്. സ്ത്രീകളെ സംബന്ധിച്ച് അവർക്ക് മുന്നോട്ട് വരാനും, അവരുടെ കഴിവ് തെളിയിക്കാനും, കലാപരമായുള്ള കഴിവ് തെളിയിക്കാനുള്ള സ്പേസായി ഈ കുടുംബശ്രീ മാറി കഴിഞ്ഞു. എല്ലാ സ്ത്രീകൾക്കും ആശംസകൾ നേരുന്നു. അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വെച്ച തൊഴിൽ സാധ്യതകളായിരുന്നു ആദ്യ ഘട്ടത്തിൽ കുടുംബശ്രീയിലുണ്ടായിരുന്നത്. എന്നാൽ ഇത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വളർന്നത്. കാന്റീൻ, കാറ്ററിംഗ് മേഖലകളിലേക്കും, കഫേ കുടുംബശ്രീ എന്ന ബ്രാൻഡിലേക്കും വളർന്നു. കാലഘട്ടത്തിന് അനുസരിച്ച് വിജയസാധ്യതകളുള്ള മേഖലയിലേക്ക് കുടുംബശ്രീ സ്ത്രീകൾ എത്തുകയും ചെയ്തു. സോപ്പ് നിർമാണം മുതൽ സോഫ്റ്വെയർ നിർമാണം വരെ കുടുംബശ്രീയുടെ ഭാഗമായി വന്നു. സർക്കാർ മിഷനുകൾ ജനങ്ങളിലേക്ക് എത്താൻ കുടുംബശ്രീ തന്നെ വേണമെന്നായി. അതാണ് ഇപ്പോൾ വളർന്ന് 25ാം വർഷത്തിലെത്തി നിൽക്കുന്നത്.