സുരഭി ലക്ഷ്‌മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി.
ഇപ്പോഴിതാ തന്റെ പിതാവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സുരഭി. മകൾ സിനിമാ നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനാണെന്ന് സുരഭി പറയുന്നു. പ്ലസ് വണിൽ പഠിക്കവെ അച്ഛൻ മരണപ്പെട്ടതിനെക്കുറിച്ചും കുറച്ച് ദിവസങ്ങൾക്കുള്ളിൽ താൻ കലോത്സവത്തിൽ പങ്കെടുത്തതിനെക്കുറിച്ചും സുരഭി സംസാരിച്ചു. ഞാനൊരു നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹം ഉണ്ടായിരുന്നത് എന്റെ അച്ഛനായിരുന്നു. ഞാൻ എവിടെ ഡാൻസോ, അഭിനയമോ ചെയ്താലും വന്ന് കാണുന്നത് അച്ഛൻ ആയിരുന്നു. എന്റെ അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ വിഎച്ച്എസ് സി കലോത്സവത്തിൽ പങ്കെടുക്കുന്നത്. അച്ഛനുള്ള സമയത്ത് ആരോടെങ്കിലും കടം വാങ്ങി ആണെങ്കിലും പണം തരുമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ചേച്ചി പറഞ്ഞു ആരോടും പൈസ ചോദിക്കേണ്ട.
അച്ഛൻ മരിച്ച ശേഷം കലോത്സവത്തിൽ പങ്കെടുക്കുകയാണെന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുമെന്ന്. ആദ്യത്തെ ദിവസം ഓട്ടൻതുള്ളൽ പെർഫോം ചെയ്തു. അതിൽ പക്കമേളം ഉപയോഗിക്കാത്തതിനാൽ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പത്രത്തിൽ മരിച്ചിട്ടല്ലാതെ എന്റെ ഫോട്ടോ വരണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ മീഡിയയുടെ അടുത്ത് പോയി ഈയൊരു അവസ്ഥ പറഞ്ഞു. പിറ്റേന്ന് അവരെഴുതിയ വാർത്ത കോമഡി ആയിരുന്നു. ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്നും ഇതാ ഒരു കലാകാരി എന്നായിരുന്നു എഴുതിയത്. പക്ഷെ ഉർവശീ ശാപം ഉപകാരം എന്ന പോലെ അത് ജയരാജ് സാറുടെ അടുത്തേക്ക് എത്തുകയും ജയരാജ് സർ അവരുടെ ഭാര്യയെ പറഞ്ഞയച്ച് എന്റെ നാടകവും മോണോ ആക്ടും ഒക്കെ കണ്ടു. സിനിമയിലേക്ക് അങ്ങനെയാണ് എത്തുന്നത്.