അങ്ങനെയുള്ള ചോദ്യങ്ങൾ എനിക്കത്ര ഇഷ്ടമല്ല!മനസ്സ് തുറന്ന് സുരഭി!

സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അഭിമുഖങ്ങളില്‍ തന്നെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളെക്കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്.

അഭിമുഖങ്ങളില്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതും ഉത്തരം പറയാന്‍ ആഗ്രഹിക്കാത്തതുമായ കാര്യം എന്താണ്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരഭി ലക്ഷ്മി. ‘സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നത്. വെറുതെ എന്തെങ്കിലും അഭിപ്രായം ചോദിച്ച്, നമ്മളെ കരിവാരിത്തേച്ച് ഒട്ടിക്കാന്‍ വേണ്ടി ചില ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. അത് എനിക്കത്ര ഇഷ്ടമല്ല.

അതുകൊണ്ട്, നമുക്ക് അഭിപ്രായങ്ങളില്ല, എന്ന് വിശ്വസിക്കുന്നതിനോടും എനിക്ക് താല്‍പര്യമില്ല. കാരണം, എല്ലാത്തിനോടും നമ്മള്‍ പ്രതികരിക്കണമെന്നില്ല. അതുകൊണ്ട് നമുക്ക് അക്കാര്യത്തില്‍ അഭിപ്രായമില്ല, എന്നല്ല അതിനര്‍ത്ഥം. അഭിപ്രായത്തിന്റെ ഭാഗമായാണ് അതിനോട് പ്രതികരിക്കണമെന്ന് തോന്നാത്തത്,” സുരഭി ലക്ഷ്മി പറഞ്ഞു.

Related posts