പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്മാരാണ്. അച്ഛന്‍ സുകുമാരന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ഇരുവരും മികച്ച താരങ്ങളായി മാറി. നന്ദനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ദിവസം സുകുമാരന്റെ 24-ാം ചരമ വാര്‍ഷികമായിരുന്നു. പൃഥ്വിയും ഇന്ദ്രനും അച്ഛന്റെ ഓര്‍മകള്‍ പങ്കുവെച്ച് വന്നിരുന്നു. ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
സുകുമാരനും പൃഥ്വിരാജും ഒരുമിച്ചുള്ള ഒരു ഡിജിറ്റല്‍ പെയ്ന്റിംഗ് ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. മുസാമില്‍ എന്ന കലാകാരനാണ് ഈ മനോഹര ചിത്രം വരച്ചത്. ‘അവരെ താനെപ്പോഴും ഒന്നിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു’ എന്നാണ് സുപ്രിയ ചിത്രത്തിനൊപ്പം ക്യാപ്ഷനായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സുകുമാരന്‍. എംടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം ആണ് നടന്റെ ആദ്യ ചിത്രം. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സുകുമാരന്‍ മോളിവുഡില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്‌റെ ഭാര്യ മല്ലിക സുകുമാരന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.