ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. കേരളത്തിലും താരത്തിന് മികച്ച ഒരു ആരാധക വൃന്ദം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. പോൺ ഇൻഡസ്ട്രിയിൽ നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിൽ താരത്തിന് എപ്പോഴും കൈ നിറയെ ചിത്രങ്ങളാണ് ഉള്ളത്. പല ഭാഷകളിലും അഭിനയിച്ച താരം മലയാള സിനിമയിലും ചുവട് വച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ രണ്ടാം ഭാഗത്തിൽ ഒരു ഗാനരംഗത്ത് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മുൻപ് സണ്ണി ലിയോൺ കേരളത്തിലെ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ ആയിരങ്ങളാണ് താരത്തെ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയത്.
മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി . നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. അടുത്തിടെ സണ്ണിലിയോൺ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു
ഇപ്പോളിതാ കൊവിഡിൽ ദുരിതമനുഭവിക്കുന്ന മുംബൈ നഗരത്തിലെ തെരുവുകളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബ്ബറും. ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് സണ്ണിയുടെ ഉദ്യമം. വീടില്ലാത്തവരെരയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ദാൽ, കിച്ചിടി, ചോറ്, പഴങ്ങൾ എന്നിവയായിരുന്നു വിഭവങ്ങൾ. സണ്ണി ഭക്ഷണവുമായി എത്തിയപ്പോൾ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാർ തടിച്ചു കൂടി. പലർക്കും നടി നേരിട്ടു തന്നെ ഭക്ഷണം നൽകി. കൊവിഡ് കാലം തുടങ്ങിയത് മുതൽ തന്നെ സണ്ണി ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ഈ വർഷം തുടക്കത്തിൽ 10,000 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എൻജിഓയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.