മലയാള സിനിമയിൽ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രം തന്നെയാണ്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ കലാഭവൻ മണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തിയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിൽ ആണ് ചിത്രം ഒരുക്കിയത്.
സിനിമ പുറത്തിറങ്ങിയത് മുതല്‍ മുതല്‍ രണ്ടാം ഭാഗമെത്തുമോ എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒടുവില്‍ ആ വമ്പന്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്. സമ്മര്‍ ഇന്‍ ബേത്ലഹേം രണ്ടാം ഭാഗം വരുന്നു. മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.