മലയാള സിനിമ പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ട താരമാണ് സുധീഷ്. അനന്തരം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടക്ക കാലത്ത് കോമഡി വേഷങ്ങളിൽ ആണ് താരം തിളങ്ങിയത്. മണിച്ചിത്രത്താഴിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധേയമായിരുന്നു. ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി എന്ന ചിത്രം സുധീഷിന് ഒരു മാറ്റം നല്‍കിയിരുന്നു. അതിന് ശേഷം നല്ല വേഷങ്ങള്‍ സുധീഷിനെ തേടിയെത്തി. ഇപ്പോഴിതാ മണിച്ചിത്രത്താഴിലെ ചന്തു എന്ന പേര് പറഞ്ഞാല്‍ അധികമാരും അറിയില്ല. എന്നാല്‍ കിണ്ടി എന്ന് പറഞ്ഞാല്‍ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. മണിച്ചിത്രത്താഴിറങ്ങി കാലമിത്രയായിട്ടും കിണ്ടി എന്ന പേര് ആളുകള്‍ മറന്നിട്ടില്ല. മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫ് ആ പേര് വീണ്ടും മറന്നവരെ ഓര്‍മിപ്പിച്ചു. ആ പേര് ആളുകള്‍ വിളിക്കുന്നത് തനിക്കിഷ്ടമാണെന്നും ഓരോ പരിപാടിക്ക് പോകുമ്പോഴും അത് വിളിച്ചില്ലെങ്കില്‍ താന്‍ അവരെക്കൊണ്ട് വിളിപ്പിക്കുമെന്നും പറയുകയാണ് സുധീഷ്.
ആ പേര് മറന്നിരിക്കുമ്പോഴാണ് മിന്നല്‍ മുരളി വന്നിട്ട് വീണ്ടും ഓര്‍മിപ്പിച്ചത്. ഇപ്പോഴും മണിച്ചിത്രത്താഴ് ഫ്രഷാണ്. പുതിയ സിനിമ കാണുന്നത് പോലെയാണ് ആ സിനിമ ഇപ്പോഴും ആളുകള്‍ കാണുന്നത്. അതുകൊണ്ട് അത് മറന്നിട്ടൊന്നുമില്ല. പക്ഷേ പഴയ പോലെ ആള്‍ക്കാര് ആ പേര് വിളിക്കുന്നില്ല. മിന്നല്‍ മുരളി കണ്ടതിന് ശേഷവും ആള്‍ക്കാര്‍ ആ പേര് വിളിക്കാറില്ല. പടം കണ്ടു നന്നായിട്ടുണ്ട് എന്നാണ് പറയുന്നത്,’ സുധീഷ് പറഞ്ഞു. ചിലപ്പോള്‍ ഞാന്‍ കുറച്ച് ഗൗരവക്കാരനായി എന്ന് തോന്നുന്നതുകൊണ്ടാവാം ആളുകള്‍ ഇപ്പോള്‍ ആ പേര് വിളിക്കാത്തത്. കിണ്ടി എന്ന് വിളിക്കുമ്പോള്‍ ഇതുവരെ വിഷമം തോന്നിയിട്ടില്ല. ഈ പേര് ഇത്രയും പ്രശസ്തമായതുകൊണ്ടാണ് ആളുകള്‍ ഓരോ പരിപാടിയിലേക്ക് വിളിക്കുന്നതെന്ന് അറിയാം. പരിപാടിക്ക് പോകുമ്പോള്‍ അവര്‍ കിണ്ടി എന്ന് വിളിച്ചില്ലെങ്കില്‍ ഒരു ഓളമില്ലാത്തതുപോലെയാണ്. അപ്പോള്‍ ഞാന്‍ തന്നെ ചിലപ്പോള്‍ അവരെ കൊണ്ട് വിളിപ്പിക്കും,’ സുധീഷ് കൂട്ടിച്ചേര്‍ത്തു.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സത്യം മാത്രമേ ബോധിപ്പിക്കൂ ആണ് സുധീഷിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതുവരെ ചെയ്തിട്ടില്ലാത്ത ക്രൂരനായ വില്ലനായിട്ടാണ് ചിത്രത്തില്‍ സുധീഷ് എത്തിയിരിക്കുന്നത്. സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിച്ച സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസാനാണ് നായകന്‍. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയാണ് നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന ചിത്രം കൂടിയാണിത്.