എന്തിനാണ് സമ്മതം കൊടുത്തത് എന്ന് ഞാൻ അച്ഛനോട് ചോദിച്ചു! പ്രേക്ഷകരുടെ പ്രിയപ്പെട്ട സുധാചന്ദ്ര പറയുന്നു!

ഇന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സുധ ചന്ദ്രൻ. മലരും കിളിയും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ കുറച്ചു ചിത്രങ്ങൾ.മാത്രമാണ് ചെയ്തിട്ടുള്ളൂ എങ്കിലും മലയാളി മനസ്സിലേക്ക് താരം കുടിയേറിയിരുന്നു. നടി എന്നതിൽ ഉപരി ഒരു മികച്ച നർത്തകി കൂടിയാണ് താരം. അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തിലും അൽപം പോലും പതറാതെ തന്റെ കരിയർ പിടിച്ചുയർത്ത് മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് സുധ. കലാരംഗത്ത് നിന്നും പുറത്തു നിന്നുമെല്ലാം ഇതിന്റെ പേരിൽ സുധയ്ക്ക് ഏറെ അനുമോദനങ്ങളും ആദരവും ലഭിച്ചിരുന്നു. 1981ൽ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തിൽ പോയി മടങ്ങുകന്ന വഴിയുണ്ടായ ബസ് അപകടത്തിൽ തന്റെ വലതുകാൽ നഷ്ടമായി. അപകടത്തിൽ നിസാരപരിക്കുകൾ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാൽ മുറിച്ചു മാറ്റി. പതിനഞ്ചാം വയസ്സിൽ നടന്ന അപകടത്തോടെ നൃത്തം ചെയ്യാൻ പറ്റാതെ വന്നു. അപകടത്തെക്കുറിച്ച് സുധ പറഞ്ഞതിങ്ങനെ,

അപകടത്തിൽ എനിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ മറ്റ് പല യാത്രക്കാരുടെയും നില അപകടകരമായിരുന്നു. അച്ഛന് നന്നായി പരിക്കേറ്റു. അമ്മ മരിച്ചു എന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. ആ അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഞാൻ എന്റെ അച്ഛനെയും അമ്മയെയും കണ്ടത്. എന്റെ കാലിന് കുഴപ്പം ഒന്നും ആ അപകടത്തിൽ സംഭവിച്ചില്ല. ചെറിയ ഒരു ഫ്രാക്ചർ മാത്രമായിരുന്നു. എന്നാൽ ശരിയായ രീതിയിൽ ചികിത്സിച്ചില്ല. ആക്‌സിഡന്റ് കേസ് ആയതിനാൽ ഗവൺമെന്റ് ആശുപത്രിയിൽ ആണ് എനിക്ക് ചികിത്സ തന്നത്. ചികിത്സാ പിഴവാണ് സംഭവിച്ചത്. ഏഴ് ദിവസം കൊണ്ട് അമ്മ ഓകെയായി, അച്ഛനും കുഴപ്പമില്ല. എന്റെ അവസ്ഥ മോശമായി. അപ്പോൾ അച്ഛൻ അവിടെ നിന്ന് ദേഷ്യപ്പെട്ട് ചെന്നൈയിലേക്ക് ചികിത്സ മാറ്റി. പക്ഷെ അവിടെ ഒരു പത്ത് ഇരുപത് ദിവസം ചികിത്സിച്ചുവെങ്കിലും പഴുപ്പ് കൂടുകയാണ് ഉണ്ടായത്.

കാല് മുറിച്ച് മാറ്റുന്നതിന് ഒരു ദിവസം മുൻപ് ഡോക്ടർ എന്റെ അടുത്ത് വന്നു. പഴുപ്പ് ശരീരത്തെ ബാധിക്കാൻ തുടങ്ങുന്നു. നാളെ നമുക്ക് ഒരു ശസ്ത്രക്രിയ കൂടെ വേണം, കാല് പോകും എന്ന് പറഞ്ഞു. എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഞാൻ മൈനർ ആയതിനാൽ അച്ഛനോട് ആണ് സമ്മതം വാങ്ങിയത്. അച്ഛനോട് ഞാൻ ചോദിച്ചു, എന്തിനാണ് സമ്മതം കൊടുത്തത്, ഒരു കാല് പോയതിന് ശേഷം ഞാൻ എങ്ങിനെ ജീവിയ്ക്കും എന്ന്. അപ്പോൾ അച്ഛൻ പറഞ്ഞത്, നിന്നെ ഒരു സക്‌സസ് പോയിന്റിൽ എത്തിയ്ക്കും വരെ ആ കാൽ ഞാൻ ആയിരിയ്ക്കും എന്ന്. ആ പ്രോമിസ് അച്ഛൻ പാലിച്ചു. പിറ്റേന്ന് കാല് മുറിക്കാനായി കൊണ്ടു പോകുമ്പോഴും ഞാൻ പറഞ്ഞു, എന്നെ വിട്ടേക്ക്. എന്റെ കാൽ മുറിക്കേണ്ട എന്ന്. അമ്മ അപ്പോഴേക്കും ആകെ തകർന്നിരുന്നു. എന്റെ മുന്നിൽ പോലും വന്നില്ല. അച്ഛൻ പക്ഷെ വളരെ അധികം ബോൾഡ് ആയിരുന്നു. ഒപ്പറേഷൻ തിയേറ്ററിൽ കയറുന്നതിന് മുൻപ് ഞാൻ പറഞ്ഞത്, അവസാനമായി എനിക്ക് എന്റെ കാൽ ഒന്ന് കാണണം എന്നാണ്. ഞാൻ കണ്ടു എന്റെ രണ്ട് കാലും. അതിന് ശേഷം ഞാൻ കണ്ടത് എന്റെ ഒരു കാലും അര കാലും ആണ്. അപ്പോൾ ഒരു ബ്ലാങ്ക് പേപ്പർ പോലെയായിരുന്നു എന്റെ അവസ്ഥ. ഇനി എന്റെ ഭാവി എന്താണ്, ഞാൻ എങ്ങിനെ ജീവിയ്ക്കും എന്നൊന്നും അറിയാത്ത അവസ്ഥ.

Related posts