കോവിഡ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയ പ്രായമായവരുടെ ആരോഗ്യവും പ്രതിരോധശേഷിയും സംബന്ധിച്ച ധാരാളം ചര്‍ച്ചകള്‍ അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുന്നത് വിവേകപൂര്‍ണ്ണമായ കാര്യം മാത്രമല്ല.ഇപ്പോള്‍ അടുത്തിടെ പുറത്തുവന്ന ഒരു പഠന ഫലം പ്രായമായ ചായ പ്രേമികള്‍ക്ക് സന്തോഷമേകുന്നതാണ്. ചായ പ്രേമികളായ, ഒരു ദിവസം അഞ്ച് കപ്പില്‍ കൂടുതല്‍ കുടിക്കുന്ന പ്രായമായ ആളുകള്‍ക്ക് അവരുടെ ധൈഷണിക ശേഷിയില്‍ ഗുണങ്ങള്‍ അനുഭവപ്പെടാമെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. 85 വയസ്സിനു മുകളിലുള്ളവരില്‍ മെച്ചപ്പെട്ട കൃത്യതയും പ്രതികരണ വേഗതയും കാണിക്കുന്നുവെന്നും ദ നാഷനല്‍ പീപ്പിള്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ജിഗ്സോ പസിലുകള്‍ സോള്‍വ് ചെയ്യുന്നതിലടക്കം ഇക്കാര്യം പ്രതിഫലിച്ചതായും പഠനത്തിലുണ്ട്. വളരെ പ്രായമായവരുടെ ഈ സംഘത്തിലുള്ളവരുടെ കഴിവുകള്‍ പരിപാലിക്കപ്പെടുന്നത് ചായയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കാരണം മാത്രമാവില്ല, ചായയുണ്ടാക്കുകയും ഒരു കപ്പ് ചായ കുടിച്ച് സംഭാഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് പോലുള്ള ശീലങ്ങള്‍ കാരണവുമാവാം,” ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ ഹ്യൂമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്റര്‍ പ്രോജക്റ്റിന് നേതൃത്വം നല്‍കുന്ന ഡോ. എഡ്വേര്‍ഡ് ഒകെല്ലോ പറഞ്ഞതായി പഠന റിപ്പോര്‍ട്ടിലുണ്ട്.
ന്യൂകാസില്‍ 85+ എന്ന പഠനത്തിനായി, ന്യൂകാസില്‍, നോര്‍ത്ത് ടൈനെസൈഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 85 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള 1,000 ല്‍ കൂടുതല്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 2006-ല്‍ ആരംഭിച്ച പഠനം ഇന്നും തുടരുകയാണ്. പഠനത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ ഇതിനകം 100 വയസ്സ് തികയ്ക്കുകയും ചെയ്തു. ഗവേഷണ വേളയില്‍, നഴ്‌സുമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ചോദ്യാവലി വഴിയും ഫാസ്റ്റിങ് ബ്ലഡ്ടെസ്റ്റ് അടക്കമുള്ള വിവിധ പരിശോധനകള്‍ നടത്തിയും വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയുമാണ് വിവര ശേഖരണം നടത്തിയത്. കട്ടന്‍ ചായ കുടിക്കുന്നത് സ്മൃതി നഷ്ടത്തില്‍ നിന്ന് സംരക്ഷിക്കുന്നു എന്നതിന് തെളിവുകള്‍ തേടുകയാണ് പഠന സംഘത്തിന്റെ ലക്ഷ്യം.
കൂടുതല്‍ ചായ കുടിക്കുന്നത് ശ്രദ്ധ വര്‍ധിപ്പിക്കാനും സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാനുള്ള കഴിവിനും (സൈക്കോമോട്ടോര്‍ സ്പീഡ്) സഹായകരമാണെന്ന് ഗവേഷണ ഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചായ കുടിക്കുന്നതും മൊത്തത്തിലുള്ള ഓര്‍മശക്തിയുടെ പ്രവര്‍ത്തനവും തമ്മില്‍ ഒരു ബന്ധവും കണ്ടെത്തിയിട്ടില്ല. ചായയും ലളിതമായ വേഗതയുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നതും തമ്മില്‍ പരസ്പര ബന്ധവും കണ്ടെത്തിയിട്ടില്ല.പ്രായമായവര്‍ക്ക് ശ്രദ്ധയും സൈക്കോമോട്ടോര്‍ വേഗതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഏത് ഭക്ഷണ ക്രമത്തിന്റെ ഭാഗമായും കട്ടന്‍ ചായ പരിഗണിക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.