ആഴത്തിലുണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഇനി സ്റ്റിച്ച് ഇടുന്നതിന് പകരം മറ്റൊരു നൂതന സംവിധാനം കണ്ടെത്തിയിരിയ്ക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. അമേരിക്കയിലെയും സിഡ്നിയിലെയും ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് അദ്ഭുത സര്‍ജിക്കല്‍ പശയാണ് വികസിപ്പിച്ചിരിയ്ക്കുന്നത്. മുറിവ് എത്ര ആഴത്തിലായാലും ഇനി ഈ പശ വെച്ച് ഒട്ടിയ്ക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ വാദം.
എലികളിലും പന്നികളിലും പശ വിജയകരമായി പരീക്ഷിച്ചു. ഇത് ഉടന്‍ മനുഷ്യ പരീക്ഷണങ്ങളില്‍ ഉപയോഗിക്കും. ആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്തുന്ന ഒരു പശയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇത് മെഡിക്കല്‍ സയന്‍സിന് വളരെ പ്രധാനപ്പെട്ടതും ഉപയോഗ പ്രദവുമായ ഒരു കണ്ടുപിടുത്തമായി മാറും. ഈ ഇലാസ്റ്റിക് പശ ആഴത്തിലുള്ള മുറിവുകള്‍ തുന്നലുകള്‍ ഇല്ലാതെ തന്നെ വേഗത്തില്‍ ഉണക്കാന്‍ സഹായിക്കും.
‘മെട്രോ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സര്‍ജിക്കല്‍ പശ കേവലം 60 സെക്കന്‍ഡിനുള്ളില്‍ തന്നെ മുറിവുകള്‍ സുഖപ്പെടുത്തുന്നു. മുറിവില്‍ പശയുടെ ജെല്‍ മെറ്റീരിയല്‍ അള്‍ട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് സജീവമാക്കുന്നു. അത് താമസിയാതെ അലിഞ്ഞു പോകുന്നു. മെട്രോ ഗ്ലൂവിന്റെ ഇലാസ്തികത ശരീര കോശങ്ങളിലെ മുറിവുകള്‍ അടയ്ക്കുന്നതിന് അനുയോജ്യമാക്കുന്നു. അത് ഹൃദയത്തെയും ശ്വാസകോശത്തെയും പോലെ നിരന്തരം വികസിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.