മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശിവദ.
ശിവദയുടെ വാക്കുകള്‍ ഇങ്ങനെ, വിനീത് കുമാര്‍ ആയിരുന്നു മഴ എന്ന ആല്‍ബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാന്‍ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാന്‍ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സില്‍ നില്ക്കുന്ന കുറെ നല്ല അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം, ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇന്‍ഹിബിഷന്‍ ആയിരുന്നു. അതില്‍ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കില്‍ ഞാന്‍ കൂളായിട്ട് ചെയ്യും.
അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ, അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്. അന്ന് വിനീതേട്ടന് എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഇനി നീ എന്നെങ്കിലും സിനിമയില്‍ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാല്‍, ഞാന്‍ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച്, അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീന്‍ ചെയ്യുമ്പോള്‍ എനിക്ക് വിനീതേട്ടനെ ഓര്മ വരും.