നടി ശ്രിയയുടെ പോസ്റ്റിന് താഴെ ഇതൊരു സര്‍പ്രൈസ് ആയിപ്പോയെന്ന് കീര്‍ത്തി സുരേഷ്…..

BY AISWARYA

തെലുങ്കിലെ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നടി ശ്രിയശരണ്‍ അഭിനയ രംഗത്തേക്കെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലും അഭിനയിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും നടി അഭിനയിച്ചിരുന്നു.

ശ്രിയയുടെ ജീവിതത്തിലെ വലിയൊരു വിശേഷവും അടുത്തിടെ മാത്രമാണ് ആരാധകര്‍ അറിഞ്ഞത്. ശ്രിയ അമ്മയായി എന്ന വിശേഷം. ജനുവരിയിലാണ് ശ്രിയയ്ക്ക് മകള്‍ പിറന്നത്. എന്നാല്‍ ഈ വിശേഷം കഴിഞ്ഞ ദിവസം മാത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. രാധ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്നും ശ്രിയ പറയുന്നു. ഇതൊരു സര്‍പ്രൈസ് ആയിപ്പോയി എന്നാണ് ചിത്രത്തിന് നടി കീര്‍ത്തി സുരേഷ് കമന്റ് ചെയ്തിരിക്കുന്നത്.

മൂന്നുവര്‍ഷം മുന്‍പായിരുന്നു നടി ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. വിവാഹ ജീവിതത്തില്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രിയ മാധ്യമശ്രദ്ധയില്‍നിന്നും അകന്നു കഴിയുകയായിരുന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ വളരെ അപൂര്‍വമായേ ശ്രിയ പങ്കുവച്ചിരുന്നുളളൂ.

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ആന്‍ഡ്രേയെ താന്‍ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ശ്രിയ പറഞ്ഞിരുന്നു.മാലിദ്വീപില്‍ വച്ചാണ് ആന്‍ഡ്രേയെ ആദ്യം പരിചയപ്പെട്ടതെന്നും അപ്പോള്‍ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ശ്രിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പിന്നീട് എന്റെ സിനിമകള്‍ ഓണ്‍ലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു.

വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ സിനിമയില്‍ അതിഥി താരമായെത്തുകയാണ്. 2021 ല്‍ റിലീസിനെത്തുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്.

 

 

Related posts