സംവിധായകൻ വി എ ശ്രീകുമാർ സാമ്പത്തിക തട്ടിപ്പു കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായെന്ന രീതിയിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽമീഡിയയിലൂടെ ശ്രീകുമാര്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ചുള്ള വിശദീകരണവുമായി വന്നിരിക്കുകയാണ്. അദ്ദേഹം വിശദീകരണ കുറിപ്പും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ശ്രീകുമാർ പറഞ്ഞിരിക്കുന്നത് രാജ്യത്തിന്‍റെ പലഭാഗത്തുനിന്നുമുള്ള സുഹൃത്തുക്കള്‍ തന്നെകുറിച്ചുള്ള വാർത്തകള്‍ കണ്ട് വിളിച്ചുവെന്നും ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഞാൻ അവരോട് പറഞ്ഞുവെന്നുമാണ്. ശ്രീകുമാർ ഫേസ്ബുക്കിലൂടെ താനിപ്പോള്‍ വീട്ടിലാണെന്നും രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യവഹാരമായിരുന്നു അതെന്നും തന്‍റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യമായതോടെ അദ്ദേഹം കോടതിയിൽ വച്ച് കേസ് പിൻവലിച്ചെന്നും അറിയിച്ചു.
30 വര്‍ഷത്തോളമായി ഞാന്‍ അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്‍റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയുമാണ് പതിവ്. സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍വരെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പരസ്യ വിപണിയെയും ഈ പ്രതിസന്ധി ബാധിച്ചു. ഇതിനോടകം തന്നെ പല പരസ്യ കമ്പനികളും അടച്ചു പൂട്ടിക്കഴിഞ്ഞു. പരസ്യ രംഗത്തെ പ്രതിസന്ധി ആഗോള പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലക്ഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്‌നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ് തൊഴില്‍ ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.