സോഷ്യൽ മീഡിയയിൽ താരമായ ശ്രീകാന്ത് വെട്ടിയാർ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളത്തിൽ നിന്നുള്ള വീഡിയോ കണ്ടന്റ് ക്രിയേറ്റേഴ്സിൽ ഏറെ ശ്രദ്ധ നേടിയ ഒരു കലാകാരനാണ്. ഇന്റർനാഷണൽ ചളു യൂണിയൻ എന്ന ട്രോൾ ഗ്രൂപ്പിൽ മീമുകൾ ഉപയോഗിച്ച് ട്രോളുകൾ നിർമ്മിച്ച് ശ്രദ്ധ നേടിയതിന് ശേഷം ശ്രീകാന്ത് അത് വീഡിയോരൂപത്തിലേക്ക് മാറ്റി ചെയ്യുകയായിരുന്നു. ശ്രീകാന്തിന്റെ വീഡിയോകൾക്ക് ആരംഭത്തിൽ വിമർശനങ്ങളാണ് കൂടുതൽ ലഭിച്ചതെങ്കിലും പെട്ടന്ന് തന്നെ വീഡിയോകൾ വൈറൽ ആയി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രീകാന്ത് സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുകയാണ്.
‘ സൂപ്പർ ശരണ്യ ‘ എന്ന അനശ്വര രാജൻ പ്രധാന വേഷമിടുന്ന സിനിമയിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർ സിനിമാ അഭിനയ മേഖലയിൽ അരങ്ങേറുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത്
‘ തണ്ണീർമത്തൻ ദിനങ്ങൾ ‘ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ഗിരീഷ് എ ഡി ആണ്. ശ്രീകാന്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഈ സന്തോഷവാർത്ത പങ്കുവച്ചത്. ചിത്രത്തിന്റെ രചനയും ഗിരീഷ് എ ഡിയുടേതു തന്നെയാണ്. ചിത്രത്തിന്റെ നിർമ്മാണത്തിലും ഷെബിൻ ബക്കറിനൊപ്പം ഗിരീഷിന് പങ്കാളിത്തമുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത് പുരുഷൻ ആണ്. ആകാശ് ജോസഫ് വർഗീസ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്യുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് സുഹൈൽ എം ആണ്.
സിനിമയുടെ ചിത്രീകരണം കഴിഞ്ഞമാസം പാലക്കാട് കൊല്ലങ്കോട്ട് ആരംഭിച്ചിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ അർജുൻ അശോകൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വിനീത് വിശ്വം, വരുൺ ധാര, വിനീത് വാസുദേവൻ എന്നിവരാണ്. ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ തൃശൂരും കൊച്ചിയും ആണ്. ചിത്രം പ്രദർശനത്തിനെത്തിക്കുക സെൻട്രൽ പിക്ചേഴ്സ് ആണ്.