സ്ഫടികം മലയാള സിനിമ കണ്ട ഏറ്റവും വലിയ തെമ്മാടിയായ ആടുതോമയുടെ കഥാപാത്രത്തെ വളരെ ഗംഭീരമായി അവതരിപ്പിച്ച ചിത്രമാണ്. ഇപ്പോൾ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം പുറത്തിറങ്ങിയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. എല്ലാവർക്കും പ്രിയപ്പെട്ടവരാണ് ചിത്രത്തിൽ തകർത്തഭിനയിച്ച മോഹൻലാലും തിലകനും കെപിഎസി ലളിതയും രാജൻ പി ദേവുമൊക്കെ. ആടുതോമയെ പിന്നിൽ നിന്ന് കുത്തിയ തൊരപ്പൻ ബാസ്റ്റിൻ എല്ലാവരുടെയും പേടി സ്വപ്നമായ ഒരാളാണ്. പോലീസുകാരൻ കൂടിയായിരുന്ന പിഎൻ സണ്ണിയായിരുന്നു ചിത്രത്തിൽ തൊരപ്പൻ ബാസ്റ്റിനായെത്തിയത്. ഇപ്പോഴിതാ ഇദ്ദേഹം ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ അപ്പൻ വേഷത്തിലെത്തിയിരിക്കുകയാണ്.
സണ്ണി ജോജിയിൽ അവതരിപ്പിച്ചിരിക്കുന്നത് പനച്ചേൽ കുട്ടപ്പൻ ചേട്ടൻ എന്ന കഥാപാത്രമാണ്. ജോജി ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിൽ കുട്ടപ്പൻ പനച്ചേൽ കുടുംബത്തിലെ ജോമോന്‍റേയും ജെയ്സന്‍റേയും ജോജിയുടേയും അച്ഛനായാണ് എത്തുന്നത്. ചിത്രത്തിൽ ജോമോനായി ബാബുരാജും ജെയ്സണായി ജോജി മുണ്ടക്കയവും ജോജിയായി ഫഹദ് ഫാസിലുമാണ് എത്തിയിരിക്കുന്നത്. ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേര്‍ന്ന് ചിത്രം ഒരുക്കിയിരിക്കുന്നത് വില്യ ഷേക്സ്പിയറിന്‍റെ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്.
പിഎൻ സണ്ണി കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയാണ്. അദ്ദേഹം ഒരുപാട് കാലം പോലീസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളരിയിലും ശരീരസൗന്ദര്യത്തിലും ശ്രദ്ധേയനായ ഇദ്ദേഹം മിസ്റ്റർ കേരള മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട്. ഇദ്ദേഹം സ്ഫടികത്തിൽ അഭിനയിച്ചത് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷണിൽ കോൺസ്റ്റബിൾ ആയിരിക്കുമ്പോഴാണ്. ഇദ്ദേഹം ഇപ്പോഴും നാട്ടിൽ നിരവധിപേർക്ക് വ്യായാമ മുറകൾ പകർന്നു കൊടുക്കുന്ന സണ്ണിയാശാനാണ്. അദ്ദേഹം ഹൈവേ, സ്വസ്ഥം ഗൃഹഭരണം, അൻവർ, അശ്വാരൂഢൻ, ഇയ്യോബിന്‍റെ പുസ്തകം, ഡബിൾ ബാരൽ തുടങ്ങി 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എദൻ എന്ന അടുത്തിടെ രാജ്യാന്തര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ സിനിമയിലെ മാടൻ തമ്പി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജോജിയിൽ പനച്ചേൽ കുട്ടപ്പൻ എന്ന കഥാപാത്രം ഇദ്ദേഹം അവിസ്മരണീയമാക്കിയിരിക്കുകയാണ്.