ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ത് പറഞ്ഞേനെ അത് തന്നെയായിരുന്നു അനുവും പറഞ്ഞത്! മനസ്സ് തുറന്ന് സൗഭാഗ്യ!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിത സുദര്‍ശനയുടെ ചോറൂണ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗഭാഗ്യ.

ഗുരുവായൂരിലല്ലേ ചോറൂണ് എന്ന് എല്ലാവരും ചോദിച്ചിരുന്നു. കല്യാണം ഇവിടെയായിരുന്നതിനാല്‍ ചോറൂണും അതേ സ്ഥലത്ത് തന്നെയായതിന്റെ സന്തോഷമുണ്ട്. നമ്മളും ഗുരുവായൂരില്‍ നിന്ന് തന്നെ ചോറൂണ് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിയിച്ചായിരുന്നു മകളെ ഒരുക്കിയത്. താര കല്യാണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തിരക്കും ചൂടുമൊക്കെയായിരുന്നുവെങ്കിലും സുദര്‍ശന പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. വന്നിട്ട് അധികനേരമൊന്നും വെയ്റ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഗുരുവായൂരപ്പന്‍ തന്നെ നമ്മളോട് വന്ന് ചോദിക്കുന്ന പോലെയായിരുന്നു എന്നും സൗഭാഗ്യയും അര്‍ജുനും പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ചെറുപ്പം മുതലേ ഞങ്ങള്‍ ഗുരുവായൂരിലേക്ക് വരാറുണ്ട്. കല്യാണം ഗുരുവായൂരില്‍ വെച്ച് വേണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ഗുരുവായൂരപ്പന്‍ എന്ന് പറഞ്ഞാണ് അമ്മ എന്നെ വളര്‍ത്തിയത്. സഹോദരനെ ആദ്യമായി മകളെ കാണിക്കുന്ന ത്രില്ലിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പന് മുന്നില്‍ കുഞ്ഞിനെ വെച്ച് തിരിഞ്ഞ് നടക്കുന്ന സമയം ഞാന്‍ ഇമോഷണലായിരുന്നു. ഗുരുവായൂരപ്പനെ മകളെ ഏല്‍പ്പിക്കുന്ന ചടങ്ങായിരുന്നു അത്. അര്‍ജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല. അമ്മൂമ്മയെ ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നില്‍ക്കുകയായിരുന്നു. ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ത് പറഞ്ഞേനെ അത് തന്നെയായിരുന്നു അനുവും പറഞ്ഞത്. എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Related posts