ഞാന്‍ കാണിച്ച തെറ്റുകള്‍ ഇനിയാരും ചെയ്യാതിരിക്കാനാണ് ഈ വീഡിയോ പങ്കുവെക്കുന്നത്! വൈറലായി സൗഭാഗ്യയുടെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ്‌ സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. സൗഭാഗ്യ ടിക്ടോക്, ഡബ്‌സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അർജുൻ മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയത്. അടുത്തിടെയാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. മകൾ പിറന്ന ശേഷം വീണ്ടും സീരിയലിൽ സജീവമാണ് അർജുൻ. ഇപ്പോൾ ഉരുളക്ക് ഉപ്പേരിയിലാണ് അർജുൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കുടുംബവിശേഷങ്ങളും മകൾ സുദർശന പിറന്ന സന്തോഷവുമെല്ലാം ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു

കഴിഞ്ഞ ദിവസം സൗഭാഗ്യ വീണ്ടും സര്‍ജറിക്ക് വിധേയയായിരുന്നു. പിത്താശയം നീക്കം ചെയ്യാന്‍ വേണ്ടിയാണ് താരം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇപ്പോള്‍ അത്തരമൊരു അവസ്ഥ വന്നതിനെ കുറിച്ചും പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സൗഭാഗ്യ. യുട്യൂബിലാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. തന്നെപ്പോലെ സ്വയം ചികിത്സിച്ച് രോഗം വഷളാകുന്ന സ്ഥിതി ഇനിയൊരാള്‍ക്കും വരാതിരിക്കാനാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന സര്‍ജറിയെ കുറിച്ച് വിവരിച്ചത്.
സര്‍ജറിക്ക് വിധേയമാകുകയാണെന്ന് പറഞ്ഞപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഫോണ്‍ വിളിച്ചും അല്ലാതെയും പരിചയക്കാരും സ്‌നേഹിക്കുന്നവരുമെല്ലാം ചോദിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞ ഉടന്‍ നൃത്തം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തതാണോ സര്‍ജറിക്ക് കാരണമായത് എന്ന തരത്തിലും ചോദ്യം വന്നിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോയില്‍ പറയുന്നത്. ഞാന്‍ കാണിച്ച തെറ്റുകള്‍ ഇനിയാരും ചെയ്യാതിരിക്കാനാണ് ഞാന്‍ ഈ വീഡിയോ പങ്കുവെക്കുന്നത്.

എന്റെ പിത്താശയം നീക്കം ചെയ്തു. തുടക്കത്തില്‍ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാല്‍ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. മേല്‍ വയറ്റിലായിരുന്നു വേദന. തുടക്കത്തില്‍ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു. പക്ഷെ കാര്യമായ മാറ്റമോ വേദനയ്ക്ക് കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂര്‍ കഠിനമായ വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു. ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഇപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നില്‍ പരീക്ഷിച്ചു. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും പറ്റാത്ത വേദനയായിരുന്നു. വേദന കാരണം ഉറങ്ങാനൊന്നും സാധിക്കാത്തതിനാല്‍ കുഞ്ഞ് ഉണരുമ്പോള്‍ പോലും എനിക്ക് ദേഷ്യം വന്ന് തുടങ്ങി. പിന്നീട് വേദന കൂടിയപ്പോള്‍ ഒന്ന് സ്‌കാന്‍ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പിത്താശയത്തില്‍ കല്ലാണെന്ന് മനസിലായത്. വീണ്ടും കല്ല് ഉണ്ടാകാന്‍ ഉള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്’ സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.

Related posts