മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണ് സൗപര്‍ണിക സുഭാഷ്. പരമ്പരകളില്‍ നായികയായും വില്ലത്തിയായും തിളങ്ങുകയാണ് നടി. സിനിമയില്‍ ആദ്യം എത്തിയെങ്കിലും താരം തിളങ്ങിയത് സീരിയലുകളിലാണ്. മോഹന്‍ലാല്‍ ചിത്രം തന്മാത്രയിലും പൃഥ്വിരാജ് ചിത്രം അവന്‍ ചാണ്ടിയുടെ മകനിലും സൗപര്‍ണിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ നടന്ന രസകരമായ സംഭവങ്ങള്‍ സൗപര്‍ണിക തുറന്ന് പറയുകയാണ്.
സൗപര്‍ണികയുടെ വാക്കുകളിങ്ങനെ, ”സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ഞാന്‍ വിറച്ച് പോയത്. കാരണം പൃഥ്വിരാജ് ആയിരുന്നു നായകന്‍. പുള്ളി വന്ന് ഇറങ്ങിയപ്പോഴെക്കും തന്നെ ഞാന്‍ അവശയായി. അന്ന് പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുകയാണ്. പൃഥ്വിരാജിനെ എല്ലാവരും ഒരുപോലെ ആരാധിക്കുന്ന കാലമാണത്. എന്റെ ആദ്യ സീന്‍ തന്നെ പുള്ളിയുടെ കൂടെയായിരുന്നു. ആ സമയത്ത് വിറച്ചിട്ട് ഡയലോഗ് പോലും വരുന്നില്ലായിരുന്നു. പക്ഷേ എന്ത് കൊണ്ടോ സിനിമയില്‍ ആ രംഗം മാത്രം വന്നില്ല. അതിന് മുന്‍പ് തന്മാത്രയില്‍ അഭിനയിച്ചിരുന്നു. ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീനേ ഉള്ളു. അതും നേരിട്ടല്ല. സ്‌കൂളിലെ രംഗമാണ്. ഒരുപാട് സീനുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും കട്ട് ആയി പോയതാണ്. അന്നൊക്കെ സ്‌കൂളില്‍ വലിയ ബില്‍ഡപ്പൊക്കെ കൊടുക്കും. സിനിമ ഇറങ്ങി കഴിയുമ്പോള്‍ നീ എവിടെയാണ് അഭിനയിച്ചത്. മരമായി നിന്നതാണോ എന്ന് തുടങ്ങി നിരവധി കളിയാക്കലുകള്‍ ലഭിക്കും. തന്മാത്രയിലെ ഒരു സീന്‍ ഒരുപാട് തവണ ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു. ലാലേട്ടന്‍ കൃത്യമായി ചെയ്താലും മറ്റുള്ളവര്‍ ശരിയാക്കാത്തത് കാരണം പല തവണ ചെയ്തിരുന്നു. ഒരു മനുഷ്യന് ഇത്രയും ക്ഷമ ഉണ്ടെന്ന് മനസിലായത് എനിക്കന്നാണ്. അന്ന് ഞാന്‍ ലാലേട്ടന്റെ അടുത്ത് ചെന്നിട്ട് ഫോട്ടോ എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.
മോളേ ഈ ഷോര്‍ട്ട് ഒന്ന് കഴിയട്ടേ ട്ടോ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സീന്‍ തീരാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. അത് കഴിഞ്ഞപ്പോള്‍ തന്നെ ലാലേട്ടന്‍ പുറകോട്ട് തിരിഞ്ഞ് നോക്കുന്നുണ്ട്. എന്നെ ചൂണ്ടി വരാന്‍ പറഞ്ഞു. ഒരൊറ്റ ഓട്ടമായിരുന്നു. എന്റെ കൈയില്‍ തൂങ്ങി അനിയത്തിയും വന്നു. ലാലേട്ടന്‍ ആണെങ്കില്‍ അവളുടെ ഷോള്‍ഡറില്‍ കൈയൊക്കെ ഇട്ട് നിന്ന് ഫോട്ടോ എടുത്ത്. അന്ന് എനിക്ക് വന്നൊരു കലി പറയാന്‍ പറ്റില്ല. ഇപ്പോഴും അവളോട് ഞാനിത് പറയാറുണ്ട്. മാനസപുത്രി സീരിയലിലെ ദീപ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നത്. അന്നൊക്കെ എല്ലാവരും എന്നെ ദീപ എന്നാണ് വിളിക്കുന്നത്. ഒടുവില്‍ സ്വന്തം പേര് പോലും മറന്ന് ആരെങ്കിലും പേര് ചോദിക്കുമ്പോല്‍ ദീപ എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ആ കഥാപാത്രത്തിന്റെ പേരില്‍ ഇടയ്ക്ക് തല്ലൊക്കെ കിട്ടിയിരുന്നു. ഒരിക്കല്‍ അമ്പലത്തില്‍ പോയതാണ് ഞാന്‍. അവിടുന്ന് കുറച്ച് ചേച്ചിമാര്‍ വന്നിട്ട് എന്നെ തട്ടി. ഇനി മേലാല്‍ നീ ആ സോഫിയയെ തൊട്ട് പോകരുത്. നന്നായി നോക്കിക്കോണം എന്നൊക്കെ പറഞ്ഞ് പോയി. അവിടുന്ന് അമ്ബലത്തിനുള്ളില്‍ കയറി പ്രാര്‍ഥിക്കുമ്‌ബോള്‍ ശൂ ശൂ എന്നൊരു വിളി. നോക്കുമ്പോള്‍ പ്രായമുള്ളൊരു അമ്മയാണ്. പുള്ളിക്കാരി നിന്നെ പോലൊരു കൊച്ച് ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുക. നിനക്ക് പോയി ചത്തൂടേ എന്നൊക്കെ ചോദിച്ചു. അമ്പലത്തിനുള്ളില്‍ ആണെങ്കില്‍ നിറയെ ആള്‍ക്കാരും. എല്ലാവരും എന്നെ നോക്കുകയാണ്. ഞാന്‍ ഒന്നും ശ്രദ്ധിക്കാതെ ഒറ്റ കരച്ചിലങ്ങ് കരഞ്ഞു.